അത്യാസന്ന നിലയിൽ ആംബുലൻസുകൾ


കോഴിക്കോട്:  കാലപ്പഴക്കം ചെന്ന ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ രോഗി മരിച്ച സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചു. ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ആംബുലൻസുകളുടെ സ്ഥിതിയെക്കുറിച്ച്  അന്വേഷിച്ചപ്പോൾ പലയിടത്തെയും സ്ഥിതി പരിതാപകരമായിരുന്നു.




കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ ആകെയുള്ള 2 ആംബുലൻസുകളിൽ രണ്ടും ഓടാൻ പറ്റാതെയായി. ടൈമിങ് ചെയിൻ തകരാറിലായതിനാൽ ഒന്നു നേരത്തെ തന്നെ ഓടുന്നില്ല. 20 വർഷത്തിലേറെ പഴക്കമുള്ള മറ്റൊരു ആംബുലൻസായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്റെ വാതിൽ അരമണിക്കൂറോളം തുറക്കാൻ പറ്റാതെ വന്നതിനെ തുടർന്ന് അതിനുള്ളിൽ കുടുങ്ങി ചികിത്സ വൈകിയാണ് ഫറോക്ക് കരുവൻതിരുത്തിയിലെ കോയമോൻ (66) മരിച്ചത്.ഇവിടെ പുതിയ ആംബുലൻസിനു 2021 ജൂൺ 2ന് 36 ലക്ഷം രൂപ എം.കെ.രാഘവൻ എംപിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും വാഹനം ഇതു വരെ ലഭ്യമായിട്ടില്ല. 

ഗവ. മെഡിക്കൽ കോളജ് ചെസ്റ്റ് ആശുപത്രിയിലെ ആകെയുള്ള ആംബുലൻസ് നേരത്തെ താമരശ്ശേരി ഭാഗത്തുണ്ടായ അപകടത്തിൽ പെട്ടതിനാൽ വർക്‌ഷോപ്പിലാണ്. നാദാപുരം താലൂക്ക് ആശുപത്രിയിൽ 2 ആംബുലൻസാണുള്ളത്. ഇതു രണ്ടും കട്ടപ്പുറത്താണ്. 108 ആംബുലൻസിന്റെ സേവനമാണ് ഇപ്പോൾ ലഭ്യമാക്കുന്നത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് കാലപ്പഴക്കത്തെ തുടർന്ന് സർവീസ് നിർത്തി. എം.കെ.രാഘവൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസിനു മുകളിൽ സിഗ്‌നൽ ലൈറ്റ് ഘടിപ്പിക്കാത്തതിനാൽ സർവീസ് തുടങ്ങിയിട്ടില്ല. 

നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സർവീസ് നടത്തിയിരുന്ന  ആംബുലൻസ് വർഷങ്ങളായി കട്ടപ്പുറത്താണ്. എന്നാൽ, നേരത്തെ ആംബുലൻസ് സർവീസ് നടത്തിയതിന്റെ രേഖകൾ ഇവിടെയില്ല. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് കട്ടപ്പുറത്താണ്. എം.കെ.മുനീർ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നന്നാക്കാൻ നടപടിയായി. എം.കെ.രാഘവൻ എംപിയുടെ ഫണ്ടിൽ അനുവദിച്ച ആംബുലൻസ് സെപ്റ്റംബർ 5ന് ഉദ്ഘാടനം ചെയ്യും. മേലടി, കൂരാച്ചുണ്ട്, കൊടുവള്ളി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ആംബുലൻസില്ല. കൊടുവള്ളിയിലേക്ക് അനുവദിച്ച 108 ആംബുലൻസ് ഡ്രൈവർക്കു താമസിക്കാൻ സൗകര്യം ഒരുക്കാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചെടുത്തു.

കോഴിക്കോട്  ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫിസർക്കു പ്രാഥമിക റിപ്പോർട്ട് നൽകി.  ആംബുലൻസ് ഡ്രൈവറിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണു റിപ്പോർട്ട് തയാറാക്കിയത്. വാതിൽ തുറക്കാൻ പറ്റാത്ത നിലയിൽ 10 മിനിറ്റോളം രോഗി ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയതായാണു റിപ്പോർട്ടിലുള്ളത്. ആബുംലൻസിനു ഫിറ്റ്നസ് ഉണ്ടെന്നും, സംഭവദിവസം രാവിലെയും രോഗികളെ കൊണ്ടു പോയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 

ഡോക്ടർ ഒപ്പമുണ്ടായിരുന്നു. ആംബുലൻസിന്റെ അകത്തു നിന്ന് തുറക്കാൻ ശ്രമിച്ചപ്പോഴാണ് വാതിൽ കുടുങ്ങിപ്പോയത്. ചെറൂട്ടി റോഡിലെ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ഫറോക്ക് കരുവൻതിരുത്തിയിലെ കോയമോൻ (66) ആണു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സ്കൂട്ടറിടിച്ചു പരുക്കേറ്റ നിലയിൽ ബീച്ച് ആശുപത്രിയിൽ നിന്നു മെ‍ഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ കുടുങ്ങിയത്. തുടർന്ന് ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ച് കോയമോനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രോഗി അരമണിക്കൂറോളം ആംബുലൻസിൽ കുടുങ്ങിയതായാണു ബന്ധുക്കളുടെ ആരോപണം.    ഡിഎംഒ ഡോ. വി.ഉമ്മർ ഫാറൂഖ് ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. എം.സന്തോഷ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആംബുലൻസിന്റെ ചുമതലയും പരിപാലനവും സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
    

Post a Comment

Previous Post Next Post
Paris
Paris