കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശന അലോട്ട്‌മെന്റിൽനിന്ന് പുറത്തായ 1849 വിദ്യാർഥികളെ വീണ്ടും പ്രവേശനപ്രക്രിയയുടെ ഭാഗമാക്കാൻ പ്രവേശനവിഭാഗം നിരീക്ഷണസമിതി തീരുമാനിച്ചു. ഇവർക്ക് അന്തിമ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും. മൂന്നാം അലോട്ട്മന്റിലാകും ഇവരുടെ അപേക്ഷകൾ പരിഗണിക്കുക.
ആദ്യ അലോട്ട്‌മെന്റിനു ശേഷം എഡിറ്റിങ് നടത്തിയവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിലെ സാങ്കേതികത്വംമൂലം രണ്ടാം അലോട്ട്‌മെന്റിൽനിന്ന് പുറത്താകേണ്ടിവന്നത്. വീണ്ടും അവസരം ലഭിക്കുന്നവർ കൃത്യമായി ഫൈനൽ സബ്മിഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ പൂർത്തിയാക്കണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷം പലരും ഫീസടച്ച് കോളേജുകളിൽ സ്ഥിരവും താത്കാലികവുമായി പ്രവേശനം നേടിയിട്ടുണ്ട്. ഇതോടെ രണ്ടാം അലോട്ട്‌മെന്റ് റദ്ദാക്കാനാകാത്ത സാഹചര്യത്തിലാണ് പുറത്തായവർക്ക് അടുത്ത അലോട്ട്മെന്റിൽ അവസരം നൽകാൻ കമ്മിറ്റി തീരുമാനിച്ചത്.
നേരത്തേ 27-നാണ് മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നത്. രണ്ടാം അലോട്ട്‌മെന്റിൽ പുറത്തായവരെ ഉൾപ്പെടുത്തിയശേഷമാകും ഇനി മൂന്നാം അലോട്ട്‌മെന്റുണ്ടാകുക. ഇതു വൈകിയാൽ കോളേജുകളിൽ 30-ന് ക്ലാസുകൾ ആരംഭിക്കുന്നതും വൈകാനിടയാകും.

Post a Comment