തിരുവനന്തപുരം: ഓണക്കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സേവനമായി കാണണമെന്ന ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്‍റെ ആവശ്യം തള്ളി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍.മുന്‍കാലങ്ങളിലേതുപോലെ കിറ്റ് വിതണത്തിന് കമീഷന്‍ അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും അനുവദിക്കാത്ത പക്ഷം വീണ്ടും കോടതിയെ സമീപിക്കാനും തൃശൂരില്‍ ചേര്‍ന്ന റേഷന്‍ സംഘടന യോഗം തീരുമാനിച്ചു.
ഇതിനുപുറമെ നേരേത്ത സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട 10 മാസത്തെ കമീഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഭക്ഷ്യവകുപ്പിനെതിരെ വീണ്ടും കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാനും തീരുമാനമായി. 447 രൂപയുടെ ഓണക്കിറ്റാണ് കാര്‍ഡുടമകള്‍ക്ക് ഇത്തവണ നല്‍കുന്നത്. ഇതില്‍ 12 രൂപ തുണി സഞ്ചിക്കും 13 രൂപ ലോഡിങ് ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് ഇനത്തിലുമാണ്. 12 രൂപ തുണിസഞ്ചിക്ക് നല്‍കുന്ന സര്‍ക്കാര്‍ കിറ്റ് വിതരണത്തിന് കടമുറി വാടകക്ക് എടുക്കുന്ന വ്യാപാരികള്‍ക്ക് കമീഷന്‍ അനുവദിക്കാത്തത് ഇരട്ടത്താപ്പാണെന്ന നിലപാടിലാണ് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനും എല്ലാ ഇനങ്ങളും കിറ്റിലാക്കി സീല്‍ ചെയ്യുന്നതിനും കിറ്റുകള്‍ സൂക്ഷിക്കുന്നതിനും ഗോഡൗണുകള്‍ക്കുള്ള വാടകയും കയറ്റിറക്ക് കൂലിയും വാഹന ചാര്‍ജും ദിവസവേതന തൊഴിലാളികള്‍ക്കുള്ള കൂലിയുമടക്കം കോടികളാണ് കിറ്റിന്‍റെ പേരില്‍ ഭക്ഷ്യവകുപ്പ് ചെലവഴിക്കുന്നത്.
കിറ്റിന്‍റെ പേരില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് കൂലി അനുവദിക്കുകയും എന്നാല്‍ റേഷന്‍ കടയുടമകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ പേരില്‍ കമീഷന്‍ നിരസിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും ഹൈകോടതി ഭക്ഷ്യവകുപ്പിന് നേരേത്ത താക്കീത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 11 മാസത്തെ കമീഷന്‍ കുടിശ്ശികയില്‍ 2021 മേയ് മാസത്തെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത 85,29,179 കിറ്റുകള്‍ക്ക് അഞ്ച് രൂപ നിരക്കില്‍ 4,26,45 895 രൂപ അനുവദിക്കാന്‍ ഈ മാസം മൂന്നിന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. ഇനിയും 47 കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. ഓണക്കാലത്തെ കിറ്റ് വിതരണം സര്‍ക്കാറിന് സാമ്ബത്തികബാധ്യതയാകാതിരിക്കാന്‍ സാമ്ബത്തികമായി മുന്നാക്കം നില്‍ക്കുന്ന നീല, വെള്ള കാര്‍ഡുകാരില്‍ നിന്ന് 10 രൂപയെങ്കിലും ഈടാക്കണമെന്ന നിര്‍ദേശവും റേഷന്‍ സംഘടനകള്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

Post a Comment