അട്ടപ്പാടി ശിശുമരണം: പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് മന്ത്രിയുടെ മറുപടി; സഭ ബഹളമയം


തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തെ ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കൊമ്പു കോർത്തു. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ ‘ആരോപണം ഉന്നയിച്ചാൽ പോരാ, എംഎൽഎമാർ സ്ഥലം സന്ദർശിക്കണ’മെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞതാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയും തുടർന്ന് നിയമസഭ നിർത്തിവയ്ക്കുകയും ചെയ്തു.




അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിലുള്ള നവജാതശിശുമരണമാണ് പ്രതിപക്ഷം നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിച്ചത്. എൻ.ഷംസുദ്ദീൻ എംഎൽഎയാണ് ഇത് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. അദ്ദേഹം സംസാരിക്കുന്ന വേളയിൽ കോട്ടത്തറ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും മതിയായ ജീവനക്കാരിലെന്നും ആരോപിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവും കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാമർശിച്ചു. അവിടേക്ക് അനുവദിച്ച 12 കോടി രൂപ പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്നും ആക്ഷേപം ഉന്നയിച്ചു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചപ്പോൾ സ്പീക്കറും മുഖ്യമന്ത്രിയും ഇടപെട്ട് മന്ത്രിക്ക് പറയാനുള്ളത് കേൾക്കണമെന്ന് അറിയിച്ചു.

തുടർന്ന് ഇതിനു മറുപടി പറയാനായി എഴുന്നേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഫണ്ട് വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു.

മതിയായ സൗകര്യങ്ങൾ കോട്ടത്തറ ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും 117 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി നടപടിയെടുത്തതടക്കം മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ വീണ്ടും പ്രതിപക്ഷ നിരയിൽനിന്ന് ബഹളം ഉണ്ടായി. അപ്പോൾ ‘ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾ അവിടെപ്പോയി സന്ദർശിച്ചിട്ടുണ്ടോ’ എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോൾ ‘അവിടെ പോയതിനു ശേഷം ആരോപണം ഉന്നയിക്കൂ’ എന്ന് മന്ത്രി പറഞ്ഞു. തുടർന്ന് വീണ്ടും ഭരണ പ്രതിപക്ഷ ബഹളം ഉണ്ടായപ്പോൾ സഭ നിർത്തിവയ്ക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris