ദേശീയപാത വികസനത്തിനായി പ്രധാന കവാടം പൊളിക്കുന്ന സാഹചര്യത്തിൽ  കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഗതാഗതത്തിന് നിയന്ത്രണം. 50 മീറ്റർ മാറി താൽക്കാലിക റോഡ് പണിത് ഇഎംഎസ് സെമിനാർ കോംപ്ലക്സ് പരിസരത്തെ ക്യാംപസ് റോഡുമായി ബന്ധിപ്പിക്കുന്ന പണി  പൂർത്തിയായി.  ഇനി ക്യാംപസ് കവാടം പൊളിക്കുമെന്നാണ് ദേശീയപാത നിർമാണ കരാർ കമ്പനി ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റി അധികൃതരെ അറിയിച്ചത്.  
ദേശീയപാതയിൽ രണ്ട് വശങ്ങളിലെയും സർവീസ് റോഡുകളെ ബന്ധിപ്പിക്കാൻ മേൽപാലം നിർമിക്കും. എന്നാൽ, ക്യാംപസിൽ പുതിയ കവാടം നിർമാണം വൈകും. സർവീസ് റോഡ് നിർമിച്ച ശേഷം അതനുസരിച്ച് ക്യാംപസിലെ പ്രധാന റോഡ് പുനഃക്രമീകരിച്ച ശേഷമേ കവാടം നിർമിക്കാനാകൂ.
ഗതാഗത പരിഷ്കരണം ഇങ്ങനെ;
 കോഴിക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചെട്ട്യാർമാട്ടുനിന്ന് ഒലിപ്രം റോഡിൽ പ്രവേശിച്ച് നീന്തൽ കുളം പരിസരത്തെ റോഡിലേക്ക് തിരിഞ്ഞ് ക്യാംപസിൽ പ്രവേശിക്കണം.
 തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പഴയ ടേക്ക് എ ബ്രേക്ക് പരിസരത്തെ കടക്കാട്ടുപാറ റോഡിൽ പ്രവേശിച്ച് വാഴ്സിറ്റി പ്രസിന് അരികെയുള്ള റോഡ് വഴി ക്യാംപസിലെത്തണം. വില്ലുന്നിയാൽ റോഡ് വഴി സസ്യോദ്യാനത്തിന് മുന്നിലെ റോഡ് വഴിയും എത്താം. ക്യാംപസിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എല്ലാവരും നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ.

 
Post a Comment