തിരുവനന്തപുരം: ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷാ ചോദ്യപ്പേപ്പറിനെതിരേ ആക്ഷേപവുമായി വിദ്യാർഥികളും അധ്യാപകരും. ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട മൂന്നു പാഠങ്ങൾ കേന്ദ്രീകരിച്ചാണ് പകുതിയിലധികം ചോദ്യങ്ങളും ചോദിച്ചതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. സിലബസിനു പുറത്തുനിന്ന് ഒരു ചോദ്യവുമുണ്ടായിരുന്നു.
ഫോക്കസ് ഏരിയയിൽനിന്നു മാത്രമാണ് ചോദ്യങ്ങൾ വരുകയെന്നാണ് അധ്യയനവർഷാരംഭത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിനാൽത്തന്നെ ഫോക്കസ് ഏരിയയ്ക്കു പ്രാധാന്യം നൽകിയാണ് ഓൺലൈൻ ക്ലാസുകളും മറ്റും നടന്നത്. ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നും ചോദ്യങ്ങളുണ്ടാകുമെന്ന് അവസാനനിമിഷം പ്രഖ്യാപനം വന്നതോടെ പാഠഭാഗം തീർക്കാനായി അധ്യാപകരും വിദ്യാർഥികളും നെട്ടോട്ടമോടുകയായിരുന്നു.
പാഠഭാഗങ്ങൾ കാര്യമായി പഠിപ്പിച്ചുതീർക്കാൻ മതിയായ സമയം ലഭിക്കുംമുൻപ് പരീക്ഷത്തീയതി പ്രഖ്യാപിക്കുകയായിരുന്നു. ചോദ്യപ്പേപ്പറിൽ ഇളവുലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പരീക്ഷ വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അധ്യാപകർ പറയുന്നു.

Post a Comment