റോഡുനീളെ കാമറക്കെണി, വാഹനങ്ങൾക്ക് കൊള്ളപ്പിഴ, നഗര പരിധിയിൽ 50കി. മീറ്ററിൽ കൂടരുത്


തിരുവനന്തപുരം: നേരം പാതിരാത്രിയായാലും വീഥി വിജനമാണെങ്കിലും വാഹനം 'ഉരുട്ടി'ക്കൊണ്ടു പോകണം! ഇല്ലെങ്കിൽ പെറ്റി അടച്ച് മുടിയും. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ റോഡായ റോഡിലെല്ലാം കാമറ വച്ച് വണ്ടിയോടിക്കുന്നവരെ പിഴിഞ്ഞ് പണം തട്ടാനുള്ള തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും പൊലീസും.




ഒരു റോഡിൽ തന്നെയുള്ള മോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും കാമറകളിൽ കുടുങ്ങുന്ന വാഹന ഉടമകൾ ഒന്നിലേറെ പിഴ നൽകേണ്ടിയുംവരുന്നു. ഒന്നിനു പിറകേ, ഒന്നായി ഒരേ കുറ്റത്തിന് നോട്ടീസ് വന്നതോടെയാണ് ഉടമകൾ കെണി തിരിച്ചറിഞ്ഞത്.
സ്‌കൂൾ മേഖലയിൽ 30 കിലോമീറ്ററാണ് വേഗത. രാത്രിയിലും ഈ വേഗപരിധി മറികടന്നാൽ പിഴയീടാക്കും.

നഗര പരിധികളിൽ 50 കിലോമീറ്ററാണ് അനുവദനീയ വേഗത. പക്ഷേ, തിരുവനന്തപുരം ജില്ലയിൽ കവടിയാറിൽ വേഗത 40 കടന്നാൽ പിഴ ചുമത്തുന്നതായി പരാതികൾ ഉയർന്നു.

മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ 625 കേന്ദ്രങ്ങളിൽ കാമറ സ്ഥാപിച്ചിട്ടുണ്ട്. 101 കാമറകൾകൂടി ഉടൻ സ്ഥാപിക്കും. വേഗനിയന്ത്രണം ഏർപ്പെടുത്തുന്നവർ അത് ബാധകമായ പ്രദേശങ്ങളുടെ തുടക്കവും ഒടുക്കവും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയിൽപ്പെടുന്ന വിധം അടയാളപ്പെടുത്താറില്ല.

തദ്ദേശ സ്ഥാപനങ്ങളുടെ അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ നഗര പ്രദേശത്തേക്ക് വാഹനം പ്രവേശിക്കാൻ പോകുന്നുവെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ അങ്ങിങ്ങ് മാത്രമെയുള്ളൂ.


Post a Comment

Previous Post Next Post
Paris
Paris