ഭാരതീയ പ്രകൃതി കൃഷി:ഓമശ്ശേരിയിൽ കർഷകർക്ക്‌ ജൈവ വളം സൗജന്യമായി വിതരണം ചെയ്തു.


ഓമശ്ശേരി:ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഓമശ്ശേരിയിൽ കർഷകർക്ക്‌ ട്രൈക്കോഡെർമ എൻറിച്ച്ഡ് ജൈവവളം സൗജന്യമായി വിതരണം ചെയ്തു.പ്രകൃതി കൃഷി പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച ബി.പി.കെ.പി.ക്ലസ്റ്ററിലെ 150 പേർക്കാണ്‌ ജൈവ വളം നൽകിയത്‌.




മങ്ങാട് രാജഗോപാൽ മാസ്റ്ററുടെ വീടിനു സമീപം വെച്ച് നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.അബ്ദുൾ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ മെമ്പർ പി.ഇബ്രാഹീം ഹാജി,യു.കെ.അബു ഹാജി,ഒ.എം.ശ്രീനിവാസൻ നായർ,ദാമോദരൻ മാസ്റ്റർ,രാജഗോപാലൻ മാസ്റ്റർ,കൃഷി അസിസ്റ്റന്റുമാരായ രാഗിത കിരൺ,കെ.എസ്‌.നളിനി എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും കൃഷി അസിസ്റ്റന്റ്‌ കെ.വിനോദ്‌ പോൾ നന്ദിയും പറഞ്ഞു.

സ്വാഭാവിക കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും സംയുക്ത  സഹായത്തോടെ നടപ്പിലാക്കുന്ന കാർഷിക പദ്ധതിയാണ്‌ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി (കേരള അഗ്രോ ഇക്കോളജി ബേസ്ഡ്‌ ബയോഡൈവേസിറ്റി കൺസർവേഷൻ).ഈ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സംസ്ഥാനത്ത്‌ 84000 ഹെക്ടർ സ്ഥലത്ത്‌  പൂർണ്ണമായും പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കുകയാണ്‌ ലക്ഷ്യം.പരമ്പരാഗത നാട്ടറിവുകളും കൃഷിരീതികളും സംരക്ഷിക്കുകയും അവയിലൂടെ  കൃഷിയിടം തികച്ചും ജൈവമാക്കി മാറ്റുകയും ഉല്പാദിപ്പിക്കുന്ന വിളകൾക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ നൽകി സംരക്ഷിക്കുകയും ചെയ്യുന്നതാണ്‌ ഈ പദ്ധതി.

ഫോട്ടോ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ കർഷകർക്ക്‌ സൗജന്യമായി നൽകുന്ന ജൈവ വളത്തിന്റെ വിതരണോൽഘാടനം പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris