പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങൾക്ക് മുന്നിലുണ്ടാകും
വഖ്ഫ് മന്ത്രിയുടേത് ധാർഷ്ട്യം, അത് അംഗീകരിക്കാനാകില്ല : ജിഫ്രി മുത്തുക്കോയ തങ്ങൾ.
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇക്കാര്യത്തില്‍ പള്ളികളില്‍ ഇപ്പോൾ പ്രതിഷേധം വേണ്ടെന്നും തങ്ങള്‍ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
'ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.'- തങ്ങൾ പറഞ്ഞു.
പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത പ്രകോപനപരമായ ഒന്നും അവിടെ ഉണ്ടാകരുത്. പലരും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇപ്പോള്‍ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട.
കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്' - തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
'പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്. പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക.'- അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment