മാവൂർ : മാവൂര്‍ പഞ്ചായത്തിലെ കല്‍പള്ളി കടവില്‍ നിന്നും പിടിച്ചെടുത്ത അനധികൃത മണൽ തോണികള്‍ സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചപ്പോള്‍ വാര്‍ഡ് അംഗം തടഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാവൂര്‍ പഞ്ചായത്ത് യു.ഡി.എഫ്, ആര്‍.എം.പി ഭാരവാഹികള്‍ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു
പിടിച്ചെടുത്ത തോണി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെതായതിനാലാണ് പഞ്ചായത്ത് അംഗം ഇടപെടാന്‍ കാരണം. അനധികൃത മണല്‍ കടത്തുമായി സി.പി.എമ്മിന്‍െറ ബന്ധമാണ് സംഭവത്തിലൂടെ പുറത്തുവരുന്നത്. കൽപ്പള്ളിക്കടവിൽ വ്യാപകമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പൊലീസും കടവിലെത്തിയപ്പോള്‍ അനധികൃതമായി മണല്‍ എടുക്കുന്നത് കണ്ടെത്തിയിരുന്നു.
തോണികൾ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോൾ കണ്ണിപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍െറ നേതൃത്വത്തില്‍ മൂന്ന് തോണികള്‍ പുഴയിലാഴ്ത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു. പിടിച്ചെടുത്ത രണ്ടു തോണികള്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിലൊന്ന് കൊണ്ടുപോകുന്നത് കല്‍പള്ളി വാര്‍ഡ് അംഗം തടയുകയും പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമാണുണ്ടായത്.
അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ടും പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം വരുത്തിയതിനും ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് കാര്യാട്ട് വാങ്ങിയ 2.17 ഏക്കര്‍ ഭൂമിയിടപാടിലെ 3.50 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.. ഭൂമിയിടപാടില്‍ വിജിലന്‍സ് നടപടി ശിപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ബാങ്കിന് നഷ്ടമായ 3.50 കോടിയോളം രൂപ ഭരണസമിതി അംഗങ്ങളില്‍നിന്ന് തിരിച്ചുപിടിക്കുകയും ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തണം. ഭരണത്തിന്‍െറ തണലില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ എം. ഇസ്മയില്‍ മാസ്റ്റര്‍, കണ്‍വീനര്‍ വി.എസ്. രഞ്ജിത്ത്, വി.കെ. റസാഖ്, കെ.പി. രാജശേഖരന്‍, ടി.പി. ഉണ്ണിക്കുട്ടി, കെ.പി. സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment