പിടിതരാതെ ചക്കക്കൊമ്പൻ; പ്രതികൂല സാഹചര്യങ്ങൾമൂലം രണ്ടാം ദിനവും ദൗത്യം ഉപേക്ഷിച്ചു


ചിന്നക്കനാൽ: വനംവകുപ്പും ആർ.ആർ.ടി. സംഘവും സന്നദ്ധരായി നിലയുറപ്പിച്ചിട്ടും മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലാത്തതിനെത്തുടർന്ന് ചക്കക്കൊമ്പനായുള്ള ദൗത്യം രണ്ടാം ദിനത്തിലും താൽക്കാലികമായി അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നുവെങ്കിലും പ്രതികൂലമായ ഭൂപ്രകൃതിയാണ് ദൗത്യത്തിന് തടസ്സമായത്.




സൂര്യനെല്ലി-ബോഡിമെട്ട് റോഡിന് സമീപത്തുള്ള ഏലത്തോട്ടത്തിലാണ് വൈകുന്നേരം ആന ഉണ്ടായിരുന്നത്. റാപ്പിഡ് റെസ്‌പോൺസ് ടീമും (ആർ.ആർ.ടി), ഡാർട്ടിങ് ടീമും വനവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പൂർണസജ്ജരായി നിലയുറപ്പിച്ചിരുന്നു. ആനയെ മയക്കുവെടിവെച്ചാൽ ഉടനടി കുങ്കി ആനകളെ എത്തിക്കാനുള്ള വഴികളും വനംവകുപ്പ് തയ്യാറാക്കിയിരുന്നു.

പക്ഷേ, ഏലത്തോട്ടത്തിനുള്ളിൽവെച്ച് ആനയെ മയക്കുവെടി വെക്കുന്നത് അസാധ്യമായിരുന്നു. അവിടെനിന്ന് മാറി അനുയോജ്യമായ തുറസ്സായ പ്രദേശത്തേക്ക് ആന നീങ്ങുമെന്ന പ്രതീക്ഷയിൽ വൈകീട്ട് നാലുമണിവരെ വനംവകുപ്പ് കാത്തിരുന്നെങ്കിലും അതുണ്ടായില്ല. പിന്നാലെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആർ.ആർ.ടി സംഘമടക്കമുള്ള ഉദ്യോഗസ്ഥർ താൽക്കാലികമായി മടങ്ങി.

ചക്കകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള 'മിഷൻ ചക്കകൊമ്പൻ' ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചെന്നും നാളെ രാവിലെ പുനരാരംഭിക്കുമെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) ഡി.കെ.വിനോദ് കുമാർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ദൗത്യത്തിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചെമ്പകത്തൊഴുകുടിക്ക് സമീപമുള്ള ഏലത്തോട്ടത്തിലായിരുന്ന ആന, ഇടിക്കുഴി എന്ന സ്ഥലത്തേക്ക് വെള്ളം നീന്തിക്കയറുമെന്നായിരുന്നു വനംവകുപ്പ് പ്രതീക്ഷിച്ചിരുന്നത്.

മൂന്ന് മണിക്കൂറോളം ഒരുസ്ഥലത്ത് നിലയുറപ്പിച്ച ആന, ഉച്ചയോടെ രണ്ടു കിലോമീറ്ററോളം പിന്നോട്ട് മാറി ഇടതൂർന്ന കാട്ടിലേക്ക് പോവുകയായിരുന്നു. വാഹനത്തിൽ ആനയുടെ 100 മീറ്റർ അടുത്ത് വരെ എത്തിയെങ്കിലും മരങ്ങൾ കാരണം കാഴ്ചപരിധി (വിസിബിലിറ്റി) തീരെ കുറവായിരുന്നു. ദൗത്യസംഘത്തിന്റെ സുരക്ഷ മുൻനിർത്തി ഇന്നത്തെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലത്തെ അപേക്ഷിച്ച് ആന ഇന്ന് ശാന്തനായിരുന്നുവെന്നും ആർക്കുനേരെയും പാഞ്ഞടുത്തില്ലെന്നും സി.സി.എഫ് പറഞ്ഞു.

സാധാരണയായി ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ആന നീങ്ങിത്തുടങ്ങുന്നത്. ഏപ്രിൽ മാസത്തിൽ നടന്ന 'അരിക്കൊമ്പൻ' ദൗത്യസമയത്ത് പുല്ലുകൾ ഉണങ്ങിയിരുന്നതിനാൽ ആന പുൽമേടുകളിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പ്രദേശത്ത് രണ്ടാൾ പൊക്കത്തിൽ മൂത്തുവിളഞ്ഞ പുല്ലുകൾ നിൽക്കുന്നതിനാൽ മൃഗങ്ങൾ അതിലേക്ക് ഇറങ്ങാൻ മടിക്കുന്നുണ്ട്. സമീപത്തെ തോട്ടങ്ങളിൽ ആളുകൾ ജോലിചെയ്യുന്നത് ദൗത്യത്തിന് തടസ്സമാകുന്നുണ്ട്. ജനങ്ങളെ സുരക്ഷിതമായി മാറ്റിയശേഷമേ ആനയെ ഓടിക്കുന്ന നടപടികളിലേക്ക് കടക്കാൻ സാധിക്കൂ.

ദൗത്യസംഘം പൂർണ ആത്മവിശ്വാസത്തിലാണെന്ന് സിസിഎഫ് പറഞ്ഞു. നാളെ രാവിലെ 7.30-ന് സംഘം വീണ്ടും അസംബിൾ ചെയ്യും. എന്നാൽ, ഈ ദൗത്യം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. നാളത്തെ ദൗത്യത്തിന്റെ ഫലം വിലയിരുത്തിയശേഷം ദൗത്യം തുടരണോ അതോ താൽക്കാലികമായി നർത്തണോ എന്ന് തീരുമാനിക്കുമെന്ന് സി.സി.എഫ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Paris
Paris