കോഴിക്കോട്: ലഹരിമാഫിയയുടെ വേരറുക്കാൻ സംസ്ഥാന സർക്കാരും, പോലീസും സംയുക്തമായി നടപ്പാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയിൽ കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും മന്ത്രി പ്രതികരിച്ചു. ഈ മാസം പതിനാറാം തിയതി തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ലഹരിക്ക് അടിമകളായവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരികയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. അതേസമയം പദ്ധതി വന്നതിലൂടെ സംസ്ഥാനത്ത് 35 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ബസുകളിൽ നടന്ന പരിശോധനയിൽ 57 ഡ്രൈവർമാർ മദ്യപിപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ഒറ്റ ദിവസമാണ് ഇത്രയധികം നിയമലംഘനം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ കൂടിവരുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ജുവനൈൽ ആക്റ്റിന്റെ മറവിൽ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. ആക്റ്റിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ട്. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നു. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കെതിരെ നടപടി എടുക്കും. എസ് പി മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സർക്കാരിന്റെയോ എക്‌സൈസ് മന്ത്രിയുടെയോ ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് ആഭ്യന്തരമന്ത്രി പ്രതികരിച്ചില്ല

Post a Comment