തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് ബിജെപി കൗണ്‍സിലറും മുന്‍ ഡിജെപിയുമായ ആര്‍.ശ്രീലേഖ രാജിവെച്ചു. മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറി. ഇതോടെ കോർപ്പറേഷൻ ഭരണത്തില്‍ ബിജെപി വെട്ടിലായിരിക്കുകയാണ്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പിലായിരുന്നു ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം വി.വി രാജേഷിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും ശ്രീലേഖയെ തഴയുകയുമായിരുന്നു.പിന്നീട് പാർട്ടിയോട് അതൃപ്തിയിലായിരുന്ന ശ്രീലേഖ, പല വേദികളിലും തന്റെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫിന് 39ഉം യുഡിഎഫിന് 20 അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്രന്‍ കോണ്‍ഗ്രസ് വിമതനയാണ് ജയിച്ചത്.അതേസമയം, ശ്രീലേഖയുടെ രാജി കത്ത് കിട്ടിയിട്ടില്ലെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി പറഞ്ഞു. നിയമപ്രകാരം സ്വീകരിക്കാനുള്ള അധികാരം സെക്രട്ടറിക്ക് മാത്രമാണെന്നും മേയർക്ക് കത്ത് നല്‍കിയാലും കളക്ടർക്ക് നല്‍കിയാലും അത് ഔദ്യോഗിക രാജിയായി അംഗീകരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment