ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് സമാപനം. അവസാന ദിവസമായ ഇന്ന് 5 സ്വർണം ഉൾപ്പെടെ 9 മെഡലുകൾ ഇന്ത്യ നേടി.
വനിതകൾക്ക് പിന്നാലെ ക്രിക്കറ്റിലും ഹോക്കിയിലും പുരുഷ ടീം സ്വർണം നേടി. ഇന്ന് 7 ഫൈനലുകളിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 21 സ്വർണമടക്കം 106 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ ഹാങ്ചോവിൽ 28 സ്വർണം ഉൾപ്പെടെ 106 മെഡലുകൾ നേടിയിരുന്നു.
ഹോക്കിയിൽ മലേഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. ഇതോടെ 2028 ഒളിമ്പിക്സിനും ഇന്ത്യ യോഗ്യത നേടി.
ഫ്രീസ്റ്റൈൽ ഗുസ്തി 57 കിലോ വിഭാഗത്തിൽ ഉത്തരകൊറിയയുടെ ലോക ചാമ്പ്യൻ ഹാൻ ചോങ് സോങ്ങിനെ തോൽപ്പിച്ച് അമൻ സെഹ്റാവത്ത് സ്വർണം നേടി. വനിതകളുടെ 53 കിലോ വിഭാഗത്തിൽ അന്റിം പംഘൽ വെള്ളിയും പുരുഷന്മാരുടെ 97 കിലോ വിഭാഗത്തിൽ ദീപക് പൂനിയ വെങ്കലവും സ്വന്തമാക്കി.
ക്രിക്കറ്റിൽ പാകിസ്താനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണം. അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധസെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്.
അമ്പെയ്ത്ത് റികർവ് വിഭാഗത്തിൽ സ്വർണം നേടിയ കുംകും മൊഹോദ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രവും സ്വന്തമാക്കി. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനും താരം യോഗ്യത ഉറപ്പിച്ചു. പുരുഷ വിഭാഗത്തിൽ നീരജ് ചൗഹാൻ വെങ്കലം നേടി.
വനിതാ ഗോൾഫ് വ്യക്തിഗത സ്ട്രോക്ക് പ്ലേയിൽ പ്രണവി ശരത് ഉർസിന്റെ സ്വർണനേട്ടം. ടീം ഇനത്തിൽ പ്രണവി, അദിതി അശോക്, ദീക്ഷാ ദാഗർ സഖ്യം വെള്ളി നേടി.
നാളെയാണ് ഗെയിംസിന്റെ ഔദ്യോഗിക സമാപനം.

Post a Comment