തിരുവനന്തപുരം: റോഡപകടങ്ങള്‍ തടയുന്നതിന്റെയും ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെയും ഭാഗമായി ഗതാഗത വകുപ്പ് നിയമോപദേശം തേടി. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിനൊപ്പം വാഹനങ്ങള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നിയമപരമായ മാറ്റങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന രീതിയാണ് ഉള്ളത്. എന്നാല്‍ റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
ഇതിന്റെ ഭാഗമായി 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍ നിലവില്‍ വരും. ഗതാഗതമന്ത്രി വൈസ് ചെയര്‍മാനും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാര്‍ അംഗങ്ങളുമായുള്ള ഉന്നതതല സമിതിക്കാണ് ഇതിന്റെ ചുമതല. പഞ്ചായത്ത് തലം വരെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ബോധവല്‍ക്കരണവും ശക്തമായ നിയമ നടപടികളും ഒരുപോലെ നടപ്പാക്കും. കൂടാതെ, റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ട്.

Post a Comment