മേൽപ്പാല നിർമ്മാണം:ചെറുവണ്ണൂർ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം



കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കുന്നതിനായി സെപ്റ്റംബർ 20 രാത്രി 10 മണി മുതൽ സെപ്റ്റംബർ 26 രാത്രി വരെ ചെറുവണ്ണൂർ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി.




വാഹനങ്ങൾക്കുള്ള ബദൽ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും:

കോഴിക്കോട്, ഇടിമൂഴിക്കൽ ഭാഗങ്ങളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദേശീയപാത 66 ലേക്ക് വഴി തിരിച്ചു വിടേണ്ടതാണ്.

ദീർഘ ദൂര ബസ്സുകൾ തൊണ്ടയാട്-പന്തീരാങ്കാവ് വഴി ദേശീയപാത 66 വഴി രാമനാട്ടുകരക്ക് തിരിച്ചു വിടേണ്ടതാണ്.

മറ്റ് ബസ്സുകൾ മാങ്കാവ്-പന്തീരാങ്കാവ് വഴി ദേശീയപാത 66 ലൂടെ രാമനാട്ടുകരയിലേക്ക് സർവീസ് നടത്തേണ്ടതാണ്.

സ്വകാര്യ വാഹനങ്ങളും, മറ്റ് ലൈറ്റ് വെയിറ്റ് വാഹനങ്ങളും പന്തീരാങ്കാവ്- മാങ്കാവ് - പന്തീരാങ്കാവ് വഴി രാമനാട്ടുകര അല്ലെങ്കിൽ മോഡേൺ-കൊളത്തറ വഴി രാമനാട്ടുകര എന്നീ ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

തൃശൂർ-പാലക്കാട് ഭാഗത്തു നിന്നും വരുന്ന ദീർഘ ദൂര ബസ്സുകൾ രാമനാട്ടുകരയിൽ സർവീസ് അവസാനിപ്പിക്കേണ്ടതും യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിച്ച് കോഴിക്കോട് എത്തിച്ചേരാവുന്നതുമാണ്. വിവിധ ഭാഗങ്ങളിൽ നിന്നും രാമനാട്ടുകരയിൽ എത്തി ചേരുന്ന ഓർഡിനറി ബസ്സുകൾ ഫാറൂഖ് കോളേജ് വഴി ദേശീയപാത 66 ൽ കയറി യാത്ര തുടരേണ്ടതാണ്.

ചാലിയം, കടലുണ്ടി, ഫറോക്ക് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ ചെറുവണ്ണൂരിൽ യാത്ര അവസാനിപ്പിക്കേണ്ടതാണ്. കോഴിക്കോട് നിന്നും ചാലിയം, കടലുണ്ടി ഭാഗത്തേക്ക് വരുന്ന ബസ്സുകൾ ചെറുവണ്ണൂർ ഭാഗത്ത് യാത്ര അവസാനിപ്പിക്കേണ്ടതാണ്. കോഴിക്കോട് നിന്നും ചെറുവണ്ണൂർ വന്നിറങ്ങുന്ന യാത്രക്കാർക്ക് പാലത്തിൻറെ മറുഭാഗത്തെ ബസ്സുകളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാവുന്നതാണ്.

ഗതാഗത നിയന്ത്രണങ്ങൾ സുഗമമാക്കാൻ ഡൈവേർഷൻ പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്റ്റീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യോഗങ്ങൾ ചേർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris