കോഴിക്കോട്: നാട്ടിലെ ഓണാഘോഷവും ഗൾഫിലെ സ്കൂൾ അവധിയും അവസരമാക്കി വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു. ഗൾഫ് മലയാളികൾ വൻതോതിൽ തിരിച്ചുപോകുന്ന ഈ മാസം അവസാനംവരെ വിമാന നിരക്ക് ഇങ്ങോട്ടുള്ളതിന്റെ 3 മുതൽ 8 വരെ ഇരട്ടിയാണ്. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെല്ലാം ഇതാണു സ്ഥിതി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം സർവീസുകൾ വെട്ടിക്കുറച്ചതാണു നിരക്ക് വർധനയ്ക്കു കാരണമെന്നാണു ന്യായീകരണം. എന്നാൽ, ഗൾഫിൽനിന്ന് നാട്ടിലേക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാനുണ്ട്.
എല്ലാ സെക്ടറിലും അടുത്ത മാസം ആദ്യത്തോടെ നാട്ടിൽനിന്നു ഗൾഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ നിരക്കിൽ വലിയ വ്യത്യാസമില്ലാതെ ലഭ്യമാണ്.
വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബർ പകുതിയോടെയുമാണ് തുറക്കുന്നത്. ഓണാഘോഷത്തിനായി നാട്ടിലെത്തിയ മലയാളികൾ ഇക്കാലയളവിലാണ് തിരിച്ചുപോകുന്നത്.

Post a Comment