കട്ടാങ്ങൽ : കേരളത്തിനായി മെഡൽ നേടുന്ന കായികതാരങ്ങൾ നിരാശപ്പെടേണ്ടി വരില്ലെന്നും കായികതാരങ്ങൾക്കൊപ്പം സർക്കാർ ശക്തമായി നിലകൊള്ളുമെന്നും കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടകസമിതി ഓഫീസ് കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിന് സമീപത്തെ ചിന്മയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കായികതാരങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന താരങ്ങൾക്കുള്ള പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചത്. മെഡൽ നേടി തിരിച്ചെത്തുമ്പോൾ തന്നെ പാരിതോഷികം നൽകുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഷൂട്ടിങ്ങിൽ വെള്ളിമെഡൽ നേടിയ തിരുവമ്പാടി സ്വദേശി വിദർശ വിനോദിന് സർക്കാർ ജോലി നൽകുന്നതിനായി കായിക വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ കളരിപ്പയറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ അക്കാദമി മലബാർ മേഖലയിൽ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2036ലെ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന കായികതാരങ്ങളിൽ പലരും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിലൂടെ വളർന്നുവരുന്നവരായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായികമേള ഏറ്റെടുത്ത് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കോഴിക്കോട്ടെ കായികപ്രേമികൾക്ക് കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒക്ടോബർ 31ന് ജി.വി. രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായി സംഘടിപ്പിക്കുന്ന സ്പോർട്സ് അവാർഡ് നൈറ്റിൽ കേരളത്തിനായി മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സ്കൂൾ കായികമേള സംഘാടകസമിതി ചെയർമാൻ എം. എ. റസാഖ് മാസ്റ്റർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ. എം. അഭിജിത്ത് എം.എൽ.എ. മുഖ്യാതിഥിയായി. സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച തീർത്ഥ പ്രശോഭിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കായികമേള ലോ ആൻഡ് ഓർഡർ കമ്മിറ്റി ചെയർപേഴ്സണുമായ മില്ലി മോഹൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ. നദീറ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ബൾക്കീസ് ടീച്ചർ, മുനീർ എരവത്ത്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്) സി. എ. സന്തോഷ്, ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ജോയിന്റ് ഡയറക്ടർ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ്, സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ അജിത് വർഗീസ്, കോഴിക്കോട് എസ്.എസ്.കെ. ഡി.പി.സി. ഡോ. നിസാർ ചേലേരി, കോഴിക്കോട് ആർ.ഡി.ഡി. എസ്. സുധ, സംസ്ഥാന സ്കൂൾ കായികമേള ട്രഷറർ മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി. എസ്. അമൃത സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ. കെ. ഷാഫി നന്ദിയും പറഞ്ഞു.
ചടങ്ങിന് ശേഷം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന എൻ.ഐ.ടി. ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കും കായിക വകുപ്പ് മന്ത്രി സന്ദർശിച്ചു.







Post a Comment