പ്രമുഖ മുഖ ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ എസി, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില 5 മുതല്‍ 8 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.
ചെമ്പ്, ഉരുക്ക്, ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം വിനിമയ നിരക്കിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവയുടെ ആഘാതം മറികടക്കുന്നതിനാണ് വില വര്‍ധിപ്പിക്കുന്നത്.
ഒക്ടോബര്‍ 1 മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. 2026 ല്‍ ഈ മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. ചെമ്പ്, അലുമിനിയം, ഉരുക്ക്, ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന തുടര്‍ച്ചയായ വര്‍ധനവും ഉയര്‍ന്ന ചരക്ക് ഗതാഗത ചെലവുകളും കാരണം വില പരിഷ്‌കരണം അനിവാര്യമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
എയര്‍ കണ്ടീഷണറുകളുടെ വില 5 മുതല്‍ 8 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എല്‍ഇഡി ടിവികള്‍ എന്നിവയുടെ വില 3 മുതല്‍ 4 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ചില കമ്പനികള്‍ തീരുമാനിച്ചപ്പോള്‍, മറ്റു ചിലര്‍ ഇതിന്റെ ആഘാതം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം വില വര്‍ധനവ് ഉത്സവകാലത്തെ ആവശ്യകതയെ ബാധിക്കുമെന്ന് ചില കമ്പനികള്‍ പറയുന്നു.
എന്നിരുന്നാലും ഡീലര്‍മാരും വിതരണക്കാരും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ മുന്‍കൂട്ടി വാങ്ങല്‍ പദ്ധതികള്‍ വഴി പഴയ വിലയില്‍ സ്റ്റോക്ക് ശേഖരിച്ചിട്ടുള്ളതിനാല്‍ ആഘാതം പരിമിതമായിരിക്കുമെന്ന് മറ്റു ചിലര്‍ കരുതുന്നു. ബ്ലൂ സ്റ്റാര്‍, ഗോദ്റെജ് അപ്ലയന്‍സ്, ഹെയര്‍, ഡെയ്കിന്‍, സൂപ്പര്‍ പ്ലാസ്ട്രോണിക്സ് തുടങ്ങിയ കമ്പനികള്‍ വിവിധ വിഭാഗങ്ങളിലായി 4 മുതല്‍ 10 ശതമാനം വരെ വില വര്‍ധനവ് ഇതിനകം പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, വില വര്‍ധനവ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുന്‍പ് സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പാനസോണിക് അറിയിച്ചു. എല്‍ജിയും ഹിറ്റാച്ചി ബ്രാന്‍ഡ് എയര്‍ കണ്ടീഷണറുകളുടെ ഉടമസ്ഥരായ ബോഷ് ഹോം കംഫര്‍ട്ടും എസി വിലയില്‍ ഏകദേശം 5 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്.
അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ് കാരണം എസികളുടെയും ഡീപ് ഫ്രീസറുകളുടെയും വിലയില്‍ ഇതിനകം 5 മുതല്‍ 8 ശതമാനം വരെ വര്‍ധനവുണ്ടായതായി ബ്ലൂ സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ത്യാഗരാജന്‍ പറഞ്ഞു. 'യുദ്ധം കാരണം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചെമ്പ്, ഉരുക്ക്, പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വില കൂടി,' അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം കമ്പനി നടപ്പിലാക്കുന്ന മൂന്നാമത്തെ വില വര്‍ധനവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവകാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവില്‍ ഏകദേശം 15 ശതമാനം വര്‍ധനവുണ്ടായെന്ന് ത്യാഗരാജന്‍ പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏകദേശം 10 ശതമാനം ജിഎസ്ടി ആനുകൂല്യം ലഭിക്കുന്നതിനാല്‍, വാങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഏകദേശം 5 ശതമാനം അധിക ബാധ്യത മാത്രമേ ഉണ്ടാവുകയുള്ളൂ.

Post a Comment