യാത്രാനിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ബസുകൾ നിർത്തിവച്ച് സമരം ആരംഭിക്കാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ തീരുമാനം. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു.
പ്രിയദർശിനി’ പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ സംഘടനയുടെ അവകാശവാദം. ഇതിന് പുറമെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസ് ഉടമകളെയും അണിനിരത്തി സമരം നടത്താനാണ് നീക്കമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, 2022ൽ നിശ്ചയിച്ച സ്വകാര്യ ബസ് യാത്രാനിരക്ക് പുതുക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം സമരത്തിന്റെ തുടർനടപടികൾ തീരുമാനിക്കുമെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാർ തലത്തിൽ നിന്ന് അനുകൂല ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം. തങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരത്തിലേക്ക് പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് സംഘടനയുടെ നിലപാട്.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയെന്നത് ലക്ഷ്യമല്ലെന്നും നിലവിലെ സാമ്പത്തിക സാഹചര്യം അതീവ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ടി. ഗോപിനാഥ് പറഞ്ഞു. ഓണക്കാലത്ത് ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടെന്നും ഉടമകൾ പറയുന്നു.
ഇന്ധനച്ചെലവിലെ വർധനയും പ്രതിസന്ധി രൂക്ഷമാക്കിയതായി സംഘടന വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡീസൽ വില 8.50 രൂപ വരെ വർധിച്ചതായി ഗോപിനാഥ് പറഞ്ഞു. നേരത്തെ ഡീസലിന് സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബസുകളുടെ പരിപാലനത്തിന് ആവശ്യമായ ഓയിലിന്റെ വില 250 രൂപയിൽ നിന്ന് 400 രൂപയായി ഉയർന്നതായും ഇൻഷുറൻസ് ചെലവ് ഒന്നരലക്ഷം രൂപ വരെ എത്തിയതായും സംഘടന പറയുന്നു.
യാത്രാനിരക്ക് പരിഷ്കരിക്കുകയും ചെലവുകൾക്ക് ആനുപാതികമായ സഹായം ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ സർവീസുകൾ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രയാസകരമാകുമെന്നാണ് ബസ് ഉടമകളുടെ നിലപാട്. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും സമരത്തിന്റെ തീയതിയും മറ്റ് നടപടികളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.

Post a Comment