മണാശ്ശേരി അങ്ങാടിയിൽ രൂഷമായി തെരുവ് നായ ശല്യം; പേവിഷബാധ ലക്ഷണങ്ങളോടെ പട്ടി ചത്തു; ജാഗ്രതാ നിർദ്ദേശം


മണാശ്ശേരി : മണാശ്ശേരി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. പ്രദേശത്ത് പേവിഷബാധ ലക്ഷണങ്ങളോടെ മറ്റൊരു പട്ടി കൂടി ചത്തത് ജനങ്ങളിൽ കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചത്ത പട്ടിക്ക് പേവിഷബാധയുടെ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. 




 ഇത്തരം നായ്ക്കൾ പൊതുവെ കടിയേൽപ്പിക്കാറില്ലെങ്കിലും, ഇവയുടെ സ്രവങ്ങൾ വഴി രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ ചത്ത പട്ടിയുമായി നേരിട്ട് സമ്പർക്കമുണ്ടായ മനുഷ്യരെയും മറ്റ് നായ്ക്കളെയും കർശന നിരീക്ഷണത്തിലാക്കേണ്ടതുണ്ട്.
മണാശ്ശേരി അങ്ങാടിയിൽ വെച്ച് ഈ പട്ടിയുടെ വായിലേക്ക് ബിസ്കറ്റ്, എണ്ണക്കടി തുടങ്ങിയവ കൈകൊണ്ട്  നൽകിയ വ്യക്തികൾ പ്രദേശത്തുണ്ട്. പട്ടിയുടെ വായിലെ സ്രവം ശരീരത്തിൽ സ്പർശിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ അപകടത്തിന് ഇടയാക്കാം. സമ്പർക്കമുണ്ടായവർ യാതൊരു കാരണവശാലും അലംഭാവം കാണിക്കാതെ എത്രയും പെട്ടെന്ന് തന്നെ പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ എടുക്കേണ്ടതാണ്. മനുഷ്യർക്ക് പേവിഷബാധയേറ്റാൽ രോഗം മൂർച്ഛിച്ച് മരണം ഉറപ്പായ സ്ഥിതിയാണ് ഉണ്ടാകുക. മാത്രമല്ല, രോഗബാധിതരായവർ മറ്റുള്ളവരെ കടിച്ചോ മാന്തിയോ എം ആക്രമിച്ചാൽ അവരിലേക്കും രോഗം പടരും.
പ്രദേശത്ത് ചത്തൊടുങ്ങുന്ന പട്ടികളെ ഇതുവരെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിട്ടില്ല. 

പട്ടികൾ എങ്ങനെയാണ് ചത്തത് എന്ന യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ അത്യന്താപേക്ഷിതമാണ്. ഇതിനായി നിലവിൽ കുഴിച്ചിട്ട പട്ടിയുടെ ശരീരം പുറത്തെടുത്ത് വയനാട്ടിലെ ലാബിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്താൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിനും അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.

Post a Comment

Previous Post Next Post
Paris
Paris