സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റിൽ



മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന് പിടികൂടി.




മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.

വിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ലഹരി വാഹനത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു. നേരത്തെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിന്റെ തുടരന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ നേതൃത്വത്തില്‍, പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടി.ജി ദിലീപ്, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

മയക്കുമരുന്ന് വില്‍പ്പനയ്ക്കായി വലിയ തോതില്‍ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്ത സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

ആഴ്ചകൾക്ക് മുമ്പ് രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് 100 ഗ്രാമോളം എംഡിഎംഎയുമായി ആറ് പേരടങ്ങുന്ന ലഹരി വില്‍പന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയ അന്വേഷണ സംഘം കോയമ്പത്തൂര്‍ ടൗണിന് സമീപത്ത് വെച്ചാണ് കൂടുതല്‍ പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പല സ്ഥലങ്ങളിലായി വില്‍പന നടത്താനുള്ള ലഹരി മരുന്ന് പായ്ക്കറ്റുകളിലാക്കി ഇന്നോവ കാറിന്റെ ഡോര്‍ പാഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.


Post a Comment

Previous Post Next Post
Paris
Paris