കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നല്‍കണമെന്ന് ഹൈക്കോടതി. എസ്‌ഐടിയ്ക്കാണ് കോടതി നിർദേശം നില്‍കിയത്.
`ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ല്‍ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. സെപ്റ്റംബർ 3 ന് കേസ് വീണ്ടും പരിഗണിക്കും.
സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും, ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്‌ഐടി നേരത്തെ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. 2019ല്‍ സ്വർണ്ണംപൊതിഞ്ഞ ദ്വാരപാലക പാളികളില്‍ അളവ് കുറച്ച് സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികള്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ദേവസ്വം ചട്ടങ്ങള്‍ ലംഘിച്ച് ദ്വാരപാലക പാളികള്‍ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോണ്‍സറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങള്‍ നീണ്ട കൃത്യമായ പദ്ധതിയിലൂടെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

Post a Comment