താമരശ്ശേരി ചുരം മാലിന്യമുക്തമാക്കല്‍: 'അഴകോടെ ചുരം' ശുചീകരണ യജ്ഞം നാളെ


താമരശ്ശേരി ചുരം മാലിന്യമുക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'അഴകോടെ ചുരം' ശുചീകരണ യജ്ഞം നാളെ (ജൂലൈ 28 ചൊവ്വ) നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും (ബി.എം.സി) പുതുപ്പാടി, താമരശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബി.എം.സികളുടെയും ആഭിമുഖ്യത്തിലാണ് ശുചീകരണം. രാവിലെ ഒമ്പതിന് ചുരം രണ്ടാം വളവില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയാകും.




ലക്കിടി മുതല്‍ ചിപ്പിലിത്തോട് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചുരം പാതയിലും പരിസരങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജനപ്രതിനിധികള്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചുരം സംരക്ഷണ സമിതി, ഗ്രീന്‍ ബ്രിഗേഡ് അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കൊപ്പം പുതുപ്പാടി ഗവ. എച്ച്.എസ്.എസ്, താമരശ്ശേരി ജി.എച്ച്.എസ്.എസ്, ലിസ്സ കോളേജ്, എം.ജി.എം ഹൈസ്‌കൂള്‍, മര്‍കസ് കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള നാനൂറിലധികം ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പങ്കാളികളാകും. ചുരത്തിന്റെ പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും നിലനിര്‍ത്തുന്നതിനും മാലിന്യം തള്ളല്‍ തടയുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

വാര്‍ത്താ സമ്മേളനത്തില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ബിജു താന്നിക്കാകുഴി, ജില്ലാ പഞ്ചായത്തംഗവും ബി.എം.സി കണ്‍വീനറുമായ കെ.പി മുഹമ്മദന്‍സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ.പി മഞ്ജു എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris