വർഷത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം അവധി ലഭിക്കുന്ന പത്ര ഏജൻ്റുമാരോടും വിതരണക്കാരോടും കാണിച്ച കടുത്ത അനീതിയാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 16-ന്) ലഭിക്കേണ്ടിയിരുന്ന അവധി റദ്ദാക്കിയ നടപടി. പ്രകൃതിക്ഷോഭങ്ങളും കടുത്ത പ്രതിസന്ധികളും അവഗണിച്ചുകൊണ്ട്, എല്ലാ ദിവസവും പുലർച്ചെ ജനങ്ങളിലേക്ക് അറിവെത്തിക്കാൻ ഓടിനടക്കുന്ന പത്ര ഏജൻ്റുമാരുടെയും വിതരണ തൊഴിലാളികളുടെയും അധ്വാനത്തെ മാനിക്കാത്ത ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
മറ്റെല്ലാ മേഖലകളിലും അവധി ആഘോഷിക്കുമ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് പത്ര ഏജൻ്റുമാരും വിതരണക്കാരും. ന്യായമായി ലഭിക്കേണ്ട ഒരൊറ്റ അവധിപോലും നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.
ഈ തീരുമാന തിരുത്തപ്പെടേണ്ടതാണ് . സ്വാതന്ത്ര്യദിനം വെറുമൊരു അവധി ദിവസമല്ല, മറിച്ച് നമ്മുടെ രാജ്യം പരമാധികാരം നേടിയതിന്റെയും അതിനായി ജീവൻ ബലിനൽകിയ വിപ്ലവകാരികളുടെയും ഓർമ്മപ്പെടുത്തലാണ്. അങ്ങനെയുള്ള ഈ അവധി നിഷേധിക്കുന്നത് ചരിത്രപരമായ പ്രാധാന്യത്തെ ചെറുതാക്കി കാണിക്കുന്നതിന് തുല്യമാണ്.മാനേജ്‌മെൻ്റുകളുടെ ഭാഗത്തുനിന്നുണ്ടായ ഈ ഏകപക്ഷീയമായ തീരുമാനം പത്ര വിതരണ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളോടുള്ള വെല്ലുവിളിയാണ്. ആഗസ്റ്റ് 16-ലെ അവധി പുനഃസ്ഥാപിക്കാൻ പത്ര കമ്പനികൾ അടിയന്തരമായി തയാറാകണം.
കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പത്ര ഏജന്റു മാർക്ക് ലഭിക്കുന്ന ഈ ഒരു ദിവസത്തെ അവധി തട്ടിയെടുക്കാനുള്ള നീക്കത്തിൽ നിന്നും മാനേജ്മെൻ്റുകൾ പിന്മാറാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ പത്ര ഏജൻ്റ് അസോസിയേഷൻ തയ്യാറാകേണ്ടതുണ്ട്.
പത്രക്കമ്പനികൾ ഓഗസ്റ്റ് 16-ന്റെ ലീവ് റദ്ദാക്കിയത് ഓണക്കാലത്തെ പരസ്യവരുമാനവും ലാഭവും മാത്രം ലക്ഷ്യമിട്ടാണ്. തൊഴിലാളികളുടെ (ഏജൻറ് മാരുടെയും വിതരണക്കാരുടെയും )അവകാശങ്ങളെയും വിശ്രമവേളകളെയും ഹനിച്ചുകൊണ്ട്, കേവലം പണക്കൊതിക്ക് മുൻഗണന നൽകുന്ന ഇത്തരം സമീപനങ്ങൾ അങ്ങേയറ്റം വിമർശനമർഹിക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ സാമൂഹിക പ്രതിബദ്ധതയേക്കാൾ ഉപരിയായി കച്ചവടതാത്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഇത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതുണ്ട്.
ആഗസ്റ്റ് 16 ന് പ്രസിദ്ധീകരിക്കുന്ന എല്ലപത്രങ്ങളും വിതരണംചെയ്യാതെ പ്രതിഷേധിക്കണം ഈ ദിവസം പത്രം അയക്കേണ്ടെന്ന് എല്ലാ ഏജൻറുമാരും പത്ര കമ്പനികളെ മുൻകൂട്ടി അറിയിച്ച് അയക്കില്ല എന്ന് ഉറപ്പുവരുത്തുക.

Post a Comment