മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിലൂടെ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം തുടങ്ങി. ജില്ലയിലെ 40,554 പേർക്കാണ് ആദ്യഘട്ടത്തിലെ ഒന്നാം അലോട്മെന്റിൽ ഇടം ലഭിച്ചത്. ഇവരിൽ ആഗ്രഹിച്ച സ്കൂളിൽ അലോട്മെന്റ് ലഭിച്ചവർ സ്കൂളുകളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടി. മറ്റുള്ളവർ താൽക്കാലിക പ്രവേശനം നേടി അടുത്ത അലോട്മെന്റിനായി കാത്തിരിക്കുകയാണ്.
നാളെ വൈകിട്ടു വരെയാണു പ്രവേശനത്തിനുള്ള സമയം. ജില്ലയിലെ 82,753 അപേക്ഷകരിൽ 40,454 പേർക്കാണ് ഒന്നാം അലോട്മെന്റ് ലഭിച്ചത്. 42,199 പേർ അടുത്ത അലോട്മെന്റിനായി കാത്തിരിക്കുകയാണ്. ഇവർക്കായി സംവരണ വിഭാഗത്തിലെ 17,301 സീറ്റു കൂടി ഒഴിവുണ്ട്. ഏകജാലക പ്രവേശനത്തിനായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിന് അധിക സീറ്റുകൾ അനുവദിച്ചതുൾപ്പെടെ 57,855 സീറ്റുണ്ട്. 427 സീറ്റുകൾ ഭിന്നശേഷി വിഭാഗത്തിനായി അധികമായി ഉൾപ്പെടുത്തിയതാണ്. ജില്ലയിൽ അപേക്ഷ നൽകിയവരിൽ 8,213 പേർ മറ്റു ജില്ലകളിൽ നിന്ന് അപേക്ഷ നൽകിയവരാണ്.
ജില്ലയിലെ 7 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലായി 287 മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളെ മെറിറ്റ് സീറ്റുകളാക്കാനായി വിട്ടുനൽകി. മൂന്ന് എയ്ഡഡ് മൈനോറിറ്റി, എയ്ഡഡ് ബാക്‌വേഡ് സ്കൂളുകളുടെ 190 മാനേജ്മെന്റ് സീറ്റുകളും നാലു എയ്ഡഡ് മൈനോറിറ്റി സ്കൂളുകളുടെ 97 കമ്യൂണിറ്റി സീറ്റുകളുമാണു മെറിറ്റു സീറ്റുകളായി മാറ്റാനായി വിട്ടുനൽകിയത്. മെറിറ്റ് സീറ്റുകളാക്കി മാറ്റുന്നതോടെ ഈ സീറ്റുകൾ കൂടി ഇനി ഏകജാലക അലോട്മെന്റിലേക്കായി പരിഗണിക്കും.

Post a Comment