പകര്‍ച്ചവ്യാധികളുടെ വ്യാപനം; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ




തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം.




വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പാലക്കാട് ഇന്ന് ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. കരിമ്പുഴ ആറ്റാശേരി സ്വദേശി ജിജോ മോഹനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജില്ലയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെയാളാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. വളയത്ത് താമസിക്കുന്ന അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന പതിനാലാം വാര്‍ഡിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ ഈ ആഴ്ച മാത്രം മൂന്ന് പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്.

ജൂണ്‍ 17 വരെയുള്ള കണക്കനുസരിച്ച് 1,67,222 പേരാണ് പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം മാത്രം 924 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗങ്ങളെ തടയാനുള്ള പ്രതിരോധ മാർഗങ്ങൾ ഉടനടി സ്വീകരിക്കാൻ സംസ്ഥാനത്തെ മുഴുവൻ അധികൃതർക്കും ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുണ്ട്.

Post a Comment

Previous Post Next Post
Paris
Paris