കുന്ദമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര പുരോഗതിയും വികസന മാസ്റ്റർ പ്ലാനും ലക്ഷ്യമിട്ട് എം.എൽ.എ. എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മാധ്യമപ്രവർത്തകർക്കായി 'ചായ് ചാറ്റ്' സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലെ പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമപ്രവർത്തകരുമായി എം.എ. റസാഖ് മാസ്റ്റർ നടത്തുന്ന ആദ്യ ഔദ്യോഗിക കൂട്ടായ്മയായിരുന്നു ഇത്.
മുതിർന്ന മാധ്യമപ്രവർത്തകൻ ടി. പി. ചെറൂപ്പ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുന്നിൽ കണ്ട്, കുന്ദമംഗലം മണ്ഡലത്തിൽ നടപ്പിലാക്കേണ്ട ഹ്രസ്വകാല-ദീർഘകാല വികസന പദ്ധതികളെക്കുറിച്ചും മാസ്റ്റർ പ്ലാനിനെക്കുറിച്ചുമുള്ള വിശദമായ ആശയവിനിമയമാണ് സംഗമത്തിൽ നടന്നത്. മണ്ഡലത്തിലെ ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങളും ജനകീയ പ്രശ്നങ്ങളും പ്രാദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി.
"നാട് അറിയുന്നവരും നാടിനെ ശരിയായി മനസ്സിലാക്കുന്നവരുമാണ് മാധ്യമപ്രവർത്തകർ. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ അവരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വലിയ വിലയുണ്ട്. മാധ്യമപ്രവർത്തകർ മുന്നോട്ടുവെച്ച ജനകീയമായ എല്ലാ നിർദേശങ്ങളും വരുംദിവസങ്ങളിൽ വികസന മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കുമെന്ന് എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.
മണ്ഡലത്തിന്റെ പുരോഗതിക്കായി ജനപ്രതിനിധികളും മാധ്യമങ്ങളും തമ്മിലുള്ള ആരോഗ്യകരമായ സമ്പർക്കം അനിവാര്യമാണെന്ന് മുഖ്യാതിഥി ടി. പി. ചെറൂപ്പ അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ മാധ്യമരംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment