മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) അഭൂതപൂർവമായ നാടകീയ രംഗങ്ങൾക്കൊടുവിൽ കൂട്ടരാജി. സംഘടനയുടെ പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും നടി ശ്വേത മേനോൻ രാജിവെച്ചു. ശ്വേതയുടെ രാജിക്ക് പിന്നാലെ 17 അംഗ ഭരണസമിതി ഒന്നാകെ ഒഴിഞ്ഞതോടെ സംഘടന പൂർണ്ണമായും പ്രതിസന്ധിയിലായി. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങളാണ് സംഘടനയെ പിളർപ്പിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ ഒരുകൂട്ടം അംഗങ്ങൾ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തിയതോടെയാണ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്.
*'പാവയായി ഇരിക്കാൻ താല്പര്യമില്ല':,* ശ്വേത മേനോൻ
കൃത്യമായ അജണ്ടയോടെ തങ്ങളെ പുറത്താക്കാൻ ഗൂഢാലോചന നടന്നതായി രാജിക്ക് ശേഷം ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. വെറുമൊരു പാവയായി ഇരുന്ന് ഭരിക്കാൻ തനിക്ക് താല്പര്യമില്ലെന്നും വ്യക്തിത്വം പണയം വെക്കാൻ തയാറല്ലാത്തതിനാലാണ് അംഗത്വം ഉപേക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കി. മുൻപ് സംഘടനയിൽ നിന്ന് ഇറങ്ങിപ്പോയ സ്ത്രീകൾ പറഞ്ഞതൊക്കെ ശരിയായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും ശ്വേത കൂട്ടിച്ചേർത്തു.
ഭരണസമിതി ഒഴിഞ്ഞ സാഹചര്യത്തിൽ സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ താൽക്കാലികമായി ഒരു അഡ്ഹോക് സമിതിക്ക് ഭരണം കൈമാറാനാണ് നിലവിലെ സാധ്യത.

Post a Comment