വിപണി ഉറപ്പാക്കാൻ കാര്‍ഷിക വികസന വിപണന വകുപ്പ്: കൃഷിമന്ത്രി



കോഴിക്കോട്: കർഷകരുടെ വിളകള്‍ക്ക് വിപണി ഉറപ്പാക്കാനായി സംസ്ഥാനത്ത് കാർഷിക വികസന വിപണന വകുപ്പ് (അഗ്രോ ഡെവലപ്‌മെന്റ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്റ്) ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ്.


കോഴിക്കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കൃഷി വകുപ്പില്‍ കാർഷിക വികസനവിപണന വകുപ്പും മാർക്കറ്റിംഗ് ഡിവിഷനുമില്ലാത്തത് കർഷകർക്ക് വലിയൊരു പ്രശ്‌നമാണ്. ഈ വകുപ്പ് പ്രവർത്തിക്കുന്നതോടെ ചെറുകിട വിപണിയിലേക്കും അന്തർദേശീയ വിപണികളിലേക്കും കർഷകരുടെ വിളകള്‍ എത്തിക്കുന്നതിനുള്ള പാലമായി ഈ വകുപ്പ് മാറും. അതിനുള്ള പദ്ധതി തയ്യാറാക്കാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കയറ്റുമതിക്കാരുമായി മന്ത്രിതലത്തില്‍ നേരിട്ട് കൂടിക്കാഴ്ച്ച നടത്തും.

വനിതാകർഷകർക്ക് മുന്തിയ പരിഗണന

2026 ല്‍ ഐക്യരാഷ്ട്രസഭ വനിത കർഷക വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചു വർഷം നീണ്ടു നില്‍ക്കുന്ന പദ്ധതികള്‍ക്ക് കൃഷി വകുപ്പ് നേതൃത്വം നല്‍കും. മികവുറ്റ വനിതാ കർഷകരെയും കാർഷിക മേഖലയിലേക്ക് കടന്നുവരാൻ താത്പര്യമുള്ളവരെയും കണ്ടെത്തി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കും. പരിശീലനം, സാമ്പത്തിക സഹായമുള്‍പ്പടെ അവർക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നെല്ലുസംഭരണം വേഗത്തില

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായും സഹകരണമന്ത്രിയുമായും യോഗം ചേർന്ന് നടപടികള്‍ സ്വീകരിച്ചു. ഇനി വളരെ കുറഞ്ഞ നെല്ല് മാത്രമെ സംഭരിക്കാൻ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ കർഷകർക്കും പി.ആർ.സി ഇഷ്യൂ ചെയ്യുവാനും അതില്‍ കാലതാമസം വരുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം നല്‍കി. ഓണത്തിന് ഒരുങ്ങാം വിളവിന്റെ വിസ്മയം എന്ന പേരില്‍ പച്ചക്കറി, പൂ കൃഷി എന്നിവക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു.

തരിശുനിലങ്ങളെല്ലാം കൃഷിക്ക്

കേരളത്തില്‍ ഇനി കൃഷി ചെയ്യാത്ത ഇടങ്ങളും തരിശായി കിടക്കുന്ന ഇടങ്ങളുമുണ്ടാകില്ല. ഉപയോഗപ്പെടുത്താവുന്ന എല്ലാ മേഖലകളും കാർഷിക മേഖലയിലേക്ക് ബന്ധപ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കുകയാണ്. എഐ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെ കാർഷിക മേഖലക്ക് ഉപയോഗപ്പെടുത്തും.വിവിധ കൃഷിരീതികളെ ഒരുമിച്ച്‌ കൊണ്ടുവരുന്നതോടെ കാർഷിക മേഖലയില്‍ വലിയ മാറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിക്കുള്ള കോഴിക്കോട് പ്രസ് ക്ലബിന്റെ ഉപഹാരം പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിതും ചേർന്ന് കൈമാറി.

Post a Comment

Previous Post Next Post
Paris
Paris