കോഴിക്കോട്: നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.
എന്താണ് നിപ? നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.
രോഗലക്ഷണങ്ങള്‍- പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
കരുതല്‍ ഇങ്ങനെ- പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്.വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍ വിസർജ്യം എന്നിവ കലരാത്ത രീതിയില്‍ ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക, കൈകള്‍ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക.
Post a Comment