കൊച്ചി:ഗതാഗത കുരുക്കും മെട്രോ റെയില്‍ നിര്‍മാണവും ചൂഷണം ചെയ്ത് ചെയ്യാത്ത നിയമ ലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ ചലാന്‍  തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ് നല്‍കി. കുറ്റം ചെയ്യാത്ത ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് നിരവധി പേര്‍ക്ക് ലഭിക്കുന്നത്.




വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തി അയക്കുന്ന എസ്.എം.എസ്, വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ ആളുകളെ കുടുക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിനോട് സാമ്യമുള്ള വ്യാജ പേയ്‌മെന്റ് പോര്‍ട്ടലുകളിലേക്ക് ഉപയോക്താക്കളെ നയിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി.

തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അറിയാതെ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഈ ഭയം മുതലെടുത്താണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. പിഴത്തുക സാധാരണയായി 500 രൂപ മുതല്‍ ആരംഭിക്കുന്നതിനാല്‍ പലരും സംശയിക്കാതെ പണം അടയ്ക്കാറുണ്ടെന്നും പരാതിപ്പെടാന്‍ പോലും തയ്യാറാകാറില്ലെന്നും പൊലിസ് പറയുന്നു.

'ഉടന്‍ പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ തുക ഈടാക്കും', 'വാഹന രേഖകള്‍ റദ്ദാക്കും', 'നിയമനടപടി സ്വീകരിക്കും' തുടങ്ങിയ ഭീഷണി സന്ദേശങ്ങളോടെയാണ് തട്ടിപ്പുകാര്‍ ആളുകളെ സമ്മര്‍ദത്തിലാക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിലുള്ള ലിങ്കുകള്‍ തുറക്കുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് പൊലിസ് നിര്‍ദേശിച്ചു.

പൊതു സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന്, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന്, അല്ലെങ്കില്‍ മറ്റ് അനധികൃത മാര്‍ഗങ്ങളിലൂടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് കണ്ടെത്തല്‍.

ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചാല്‍ ആദ്യം അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണോ വന്നതെന്ന് പരിശോധിക്കണം. ഔദ്യോഗിക സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമല്ലാത്ത വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകള്‍ പൂര്‍ണമായും അവഗണിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗതാഗത നിയമലംഘന നോട്ടീസുകള്‍ ലഭിക്കുമ്പോള്‍ പണം അടയ്ക്കുന്നതിന് മുമ്പ് ഔദ്യോഗിക പരിവാഹന്‍ പോര്‍ട്ടലില്‍ പരിശോധിച്ച് പിഴ യഥാര്‍ത്ഥമാണോ എന്ന് ഉറപ്പുവരുത്തണമെന്നും പൊലിസ് വ്യക്തമാക്കി. ജാഗ്രത പാലിച്ചാല്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post
Paris
Paris