ആലപ്പുഴ :നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വധശ്രമ വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട്.
കുറ്റക്കാരായ പോലീസുകാരുടെ പ്രവൃത്തി ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
`മര്‍ദനമേറ്റ പ്രവര്‍ത്തകരുടെ മൊഴികള്‍, സംഭവസ്ഥലത്തെ വിഡിയോ ദൃശ്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമരക്കാരെ നേരിടാന്‍ ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ചാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം ശിപാര്‍ശ ചെയ്തിരിക്കുന്നത്.
2023 ഡിസംബറില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്ര ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്‍മാന്‍ അനിലിന്റെയും സന്ദീപിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
Post a Comment