കേരളത്തിൽനിന്നുള്ള രാജധാനി എക്സ്പ്രസിൽ തീപിടിത്തം, ബോഗികൾ വേർപെടുത്തി



ന്യൂഡൽഹി :
 തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ബി1 കോച്ചിനാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. കോച്ചിലെ 69 യാത്രക്കാരെ ഒഴിപ്പിച്ചു. 


എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി. തീപിടിച്ച ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

രാവിലെ 5.15നാണ് ബി 1 കോച്ചിൽ തീപിടിത്തമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. റത്ത്‌ലം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് കോട്ടയിലേക്കുള്ള യാത്രക്കിടയിലാണ് തീപിടിച്ചത്. പുക പടർന്ന ഉടനെ ട്രെയിൻ നിർത്തി. നിരവധി മലയാളികൾ ട്രെയിനിലുണ്ടായിരുന്നു. എല്ലാവരും ഇറങ്ങിയോടി. പലർക്കും ലഗേജ് എടുക്കാൻ കഴിഞ്ഞില്ല. ട്രെയിൻ നിർത്തിയതിന്റെ ഇരുവശത്തും പാടമാണ്.

ഫയർഫോഴ്സ് എത്തിയത് ആറു മണിക്കാണ്. തീപിടിച്ച ബോഗികൾ ട്രെയിനിൽനിന്ന് വേർപെടുത്തി. ഇലക്ട്രിക് ലൈനുകൾ കത്തി താഴെവീണു. മറ്റു ബോഗികളിലെ യാത്രക്കാരെയും ട്രെയിനിൽനിന്ന് ഇറക്കി. ഉച്ചയ്ക്ക് 12.40ന് ഡൽഹിയിൽ എത്തേണ്ട ട്രെയിനാണ്. എപ്പോൾ യാത്ര തുടരാനാകുമെന്ന് അറിയില്ലെന്നും യാത്രക്കാർ പറഞ്ഞു. 

പാൻട്രിയോട് ചേർന്ന് ഏറ്റവും പുറകിലുണ്ടായിരുന്ന ബി1 കോച്ചിലാണ് തീപിടിച്ചതെന്ന് ആ കോച്ചിലുണ്ടായിരുന്ന സൈനികനായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അഭിജിത്ത് പറഞ്ഞു. പുക കാരണം ഒന്നും കാണാൻ കഴിഞ്ഞില്ല. പ്രയാസപ്പെട്ടാണ് പുറത്തെത്തിയത്. ബാഗുകൾ കത്തി നശിച്ചതായും അഭിജിത് പറഞ്ഞു. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തു നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. റെയിൽവേ അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post
Paris
Paris