നയിക്കാന്‍ പുതുമുഖങ്ങള്‍ വരട്ടെ; പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതെന്ന് ആവശ്യം


വെറും 35 സീറ്റിലേക്ക് ചുരുങ്ങിയ എല്‍ഡിഎഫിനെ സംബന്ധിച്ച് ആദ്യത്തെ വെല്ലുവിളി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിപിഎമ്മില്‍ നിന്ന് 26 പേരും സിപിഐയില്‍ നിന്ന് എട്ട് പേരും ആര്‍ജെഡിയില്‍ നിന്ന് ഒരാളുമാണ് മുന്നണിയുടെ അംഗബലം


ഇപ്പോഴിതാ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കരുതെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് സിപിഐ. പിണറായിയുടെ ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നാണ് സിപിഐ ദേശീയ നേതൃയോഗത്തിലെ വിലയിരുത്തല്‍.
പുതിയ മുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഉണ്ടായ പരാജയത്തിന്റെ പ്രധാന ഉത്തരവാദി പിണറായി വിജയനാണെന്നാണ് സിപിഐ വിമര്‍ശിക്കുന്നത്. പ്രതിപക്ഷ നേതാവ് പദവി സിപിഎമ്മിന് ആയിരിക്കുമെങ്കിലും ഉപനേതാവ് പദവിക്ക് സിപിഐ അവകാശവാദം ഉന്നയിച്ചേക്കും.പിണറായി നയിക്കേണ്ടെന്നും പ്രതിപക്ഷത്ത് പുതിയ മുഖം നേതൃ സ്ഥാനത്തേക്ക് വരണമെന്നും സിപിഐ കടുത്ത നിലപാടെടുക്കുമ്പോള്‍ ഇതിനോട് സിപിഎം എത്തരത്തില്‍ പ്രതികരിക്കുമെന്നതാണ് വരും ദിവസങ്ങളില്‍ അറിയാനുള്ളത്. നിയമസഭയില്‍ എല്‍ഡിഎഫിലെ പല കക്ഷികള്‍ക്കും പ്രാതിനിധ്യം പോലുമില്ലാത്ത അവസ്ഥയുണ്ട്. വരും ദിവസങ്ങളില്‍ അവരും കടുത്ത വിമര്‍ശനം സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ത്താന്‍ സാദ്ധ്യതയുണ്ട്.അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ആര് വരും എന്നതില്‍ പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. പിണറായി വിജയന്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. ഇതില്‍ ബാലഗോപാലിനാണ് സാദ്ധ്യത കൂടുതല്‍.

Post a Comment

Previous Post Next Post
Paris
Paris