പാലരുവി എക്സ്പ്രസില്‍ ആറുവയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ സാനിഷ് (40) എന്നയാളെ പുനലൂർ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നും കേരളത്തിലെ എടത്വ പള്ളിയില്‍ തീർത്ഥാടനത്തിന് എത്തിയ കുടുംബത്തിലെ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ചടങ്ങുകള്‍ കഴിഞ്ഞ് തിരികെ തെങ്കാശിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ട്രെയിനിലെ ജനറല്‍ കംപാർട്ട്‌മെന്റില്‍ മുത്തച്ഛനോടൊപ്പം ഉറങ്ങുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പ്രതി കുട്ടിയെ തന്ത്രപൂർവ്വം മറ്റൊരിടത്തേക്ക് മാറ്റിയത്.
മുത്തച്ഛന്റെ അടുത്തുനിന്ന് ഉറങ്ങിക്കിടന്ന കുട്ടിയെ ആരുമറിയാതെ എടുത്തുകൊണ്ടുപോയ പ്രതി, സ്വന്തം സീറ്റിലിരുത്തി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടി ഉണർന്ന് കരഞ്ഞതോടെയാണ് വീട്ടുകാരും സഹയാത്രികരും വിവരം അറിഞ്ഞത്. ഉടൻതന്നെ യാത്രക്കാർ ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പുനലൂർ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ട്രെയിനുകള്‍ക്കുള്ളില്‍ പോലും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന കുട്ടിയായതിനാല്‍ കുടുംബം വലിയ മാനസിക വിഷമത്തിലാണ്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കർശനമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം._ _സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും ദൃക്സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു._ _ട്രെയിനുകളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
Post a Comment