പേരാമ്പ്ര: ഇടതുപക്ഷത്തിന്‍റെ കരുത്തുറ്റ ചെങ്കോട്ടകളില്‍ ഒന്നായ പേരാമ്പ്രയില്‍ മിന്നും വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഫാത്തിമ തഹ്‌ലിയ. പതിറ്റാണ്ടുകളായി ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള പേരാമ്പ്രയില്‍ ഇക്കുറി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഫാത്തിമ തഹ്ലിയ. വിജയം ഉറപ്പാക്കിയ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറും മുതിർന്ന നേതാവുമായ ടി പി രാമകൃഷ്ണനെയാണ് 5087 വോട്ടുകൾക്ക് ഫാത്തിമ പരാജയപ്പെടുത്തിയത്.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്
എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും_l
(കണ്ണൂർ കോട്ട- കടമ്മനിട്ട രാമകൃഷ്ണൻ)
മുസ്‌ലിം ലീഗിന്‍റെ കരുത്തുറ്റ വനിത നേതാവായ അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർത്ഥിത്വം പേരാമ്പ്രയില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡില്‍ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച തഹ്‌ലിയ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയ മുഖമായി മാറിയിട്ടുണ്ട്. 2,273 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അവർ കോർപ്പറേഷൻ കൗണ്‍സിലിലേക്ക് എത്തിയത്. ആ ആത്മവിശ്വാസവുമായാണ് തഹ്‌ലിയ പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണനെതിരെ പോരാടാൻ ഇറങ്ങിയത്. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കള്‍ക്കിടയിലുമുള്ള തഹ്‌ലിയയുടെ സ്വാധീനം വോട്ടായി മാറുമെന്ന യുഡിഎഫ് കണക്കുകൂട്ടല്‍ ശരിയായിരിക്കുകയാണ്. ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണിക്ക് വേണ്ടി എം. മോഹനൻ മാസ്റ്ററായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഫാത്തിമ തഹ്‌ലിയക്കെതിരേയുള്ള പ്രചാരണ അനൗണ്‍സ്‌മെൻറുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പ് കാലത്ത് കത്തിപ്പടർന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്‍റെ ബോർഡുകളുള്ള ജീപ്പില്‍ അനൗണ്‍സ്‌മെൻറ് നടത്തുന്ന വീഡിയോകള്‍ ബുധനാഴ്ചയാണ് പുറത്തുവന്നത്. 'പേരാമ്പ്രയുടെ മണ്ണില്‍ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് മുസ്‌ലിം ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്...' എന്നായിരുന്നു അനൗണ്‍സ്‌മെന്‍റ്. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വർഗീയധ്രുവീകരണമുണ്ടാക്കുന്നതിന് തെറ്റായ പ്രചാരണം എല്‍ഡിഎഫ് നടത്തുകയാണെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു.
Post a Comment