മാവൂർ : ശാരീരിക-മാനസിക ആരോഗ്യസംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച മെക് സെവൻ (MEC 7) വ്യായാമക്കൂട്ടായ്മയുടെ മാവൂർ സെന്റർ 550-ാം ദിനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. 2026 മെയ് 3 ഞായറാഴ്ച രാവിലെ 6 മണിക്ക് മാവൂർ രാഘവൻ മാസ്റ്റർ നഗറിൽ (കല്പള്ളി ഫുട്ബോൾ ഗ്രൗണ്ട്) വെച്ചാണ് മെഗാ സംഗമം നടക്കുന്നത്.
മെക് സെവൻ കേരളയുടെ സ്ഥാപക സാരഥിയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ ഡോ. ക്യാപ്റ്റൻ സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ക്യാപ്റ്റൻ സലാഹുദ്ദീൻ മെഗാ വ്യായാമത്തിന് നേരിട്ട് നേതൃത്വം നൽകുമെന്നതാണ് ഈ സംഗമത്തിന്റെ പ്രധാന സവിശേഷത.
കോഴിക്കോട് ജില്ലയിലെ സോണൽ അഞ്ചിന് കീഴിലുള്ള വിവിധ സെന്ററുകളിൽ നിന്നായി ആയിരത്തോളം അംഗങ്ങൾ ഈ ബൃഹത്തായ സംഗമത്തിൽ അണിനിരക്കും. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുക, വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ക്യാപ്റ്റൻ സലാഹുദ്ദീൻ തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന് കേരളത്തിലും വിദേശത്തുമായി പതിനായിരക്കണക്കിന് സ്ത്രീപുരുഷന്മാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. ആരോഗ്യ കേരളത്തിന് പുതിയ ഊർജ്ജം പകരുന്ന ഇത്തരം സംഗമങ്ങൾ നാടിന്റെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഘാടക സമിതി ചെയർമാൻ കെ.വി. ഷംശുദ്ദീൻ ഹാജി, കൺവീനർ മജീദ് പോളി, മീഡിയ കോ-ഓർഡിനേറ്റർ പി.സി. അഹമ്മദ് കുട്ടി, ട്രഷറർ വിനോദ് ചാക്കോ, ഹമീദ് കടോടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment