മഞ്ചേരി : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 31 വർഷം കഠിനതടവ്.
തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില്‍ എം സഫീറിനെ (43) ആണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെഎസ് വരുണ്‍ ശിക്ഷിച്ചത്.
50000 രൂപ പിഴയൊടുക്കണം. പിഴയടച്ചില്ലെങ്കില്‍ ഒന്നര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാൻ കോടതി ഉത്തരവിട്ടു. കൂടാതെ വിക്ടിം കോമ്പൻസേഷൻ പദ്ധതി പ്രകാരം അതിജീവിതയ്ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.
2024 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പല ദിവസങ്ങളിലും പെണ്‍കുട്ടിയെ ഓട്ടോയില്‍ വെച്ച് ശാരീരികമായി ഉപദ്രവിക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എടവണ്ണ പോലീസ് ഇൻസ്പെക്ടർ ഇ ബാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 22 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എഎൻ മനോജ് കോടതിയില്‍ ഹാജരായി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.
Post a Comment