തൃശൂരില്‍ വീണ്ടും കിറ്റ് വിവാദം; വാടാനപ്പള്ളിയില്‍ നാടകീയ രംഗങ്ങള്‍, നടൻ ദേവൻ ഗോഡൗണിന് മുകളിൽ



തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരില്‍ വീണ്ടും 'വോട്ടിന് കിറ്റ്' വിവാദം പുകയുന്നു.

വാടാനപ്പള്ളിയിലെ ചാമ്പ്യൻ സൂപ്പർ മാർക്കറ്റില്‍ ബിജെപി വിതരണത്തിനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. കിറ്റുകള്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ബിജെപി നേതാവും നടനുമായ ദേവന്റെ സാന്നിധ്യം കണ്ടെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു.


ബിജെപി നേതാവ് ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ പുറത്തേക്ക് വന്നത്. ഇതോടെ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.
കോണ്‍ഗ്രസിന്റെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗോഡൗണില്‍ നിന്ന് കണ്ടെത്തിയ കിറ്റുകള്‍ ഉദ്യോഗസ്ഥർ സീല്‍ ചെയ്യുകയും പോലീസ് വാഹനങ്ങളില്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് സൂപ്പർ മാർക്കറ്റ് ഉടമ പ്രവീണ്‍ ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം നാലായിരത്തോളം കിറ്റുകള്‍ വിതരണത്തിനായി തയ്യാറാക്കിയിരുന്നു എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസിന് പുറമെ കേന്ദ്ര സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ വാഹനങ്ങളും പോലീസ് പരിശോധിച്ചു.

നേരത്തെ തൃശൂർ ഒളരിയില്‍ നിന്നും സമാനമായ രീതിയില്‍ കിറ്റുകള്‍ പിടികൂടിയിരുന്നു. എന്നാല്‍ കിറ്റ് വിവാദത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും എല്‍ഡിഎഫ് പണ്ടേ പ്രയോഗിക്കുന്ന തന്ത്രമാണിതെന്നും എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post
Paris
Paris