കൊച്ചി:ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. സിപിഐ നേതാവ് എ എസ് ബിനോയ് ആണ് ഹർജി നൽകിയത്. ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഉപഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സുരേഷ് ഗോപി വിചാlരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹർജിക്കാരൻ കൈമാറിയിരുന്നു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദമാണ് ഹൈക്കോടതി തള്ളിയത്.
ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി എസ് സുനിൽകുമാർ പ്രതികരിച്ചു. മതത്തെ ദുരുപയോഗിച്ചും വോട്ടർമാരെ സ്വാധീനിക്കാൻ പണവും ഉപഹാരങ്ങളും നൽകിയുമാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായ എല്ലാ തെളിവുകളും കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികളിൽ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുനിൽകുമാർ പറഞ്ഞു
Post a Comment