തിരുവനന്തപുരം : യുദ്ധ സാഹചര്യത്തിൽ മാറ്റി വച്ച ഗൾഫിലെ എസ്എസ്എൽസി - ഹയർ സെക്കൻഡറി പരീക്ഷകൾ റദ്ദാക്കാൻ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. പകരം പത്താം ക്ലാസിലെ ഓണം - ക്രിസ്മസ് -മോഡൽ പരീക്ഷകളുടെ മാർക്കുകൾ നിശ്ചിത അനുപാതത്തിൽ പരിഗണിച്ചുള്ള സ്റ്റാന്റഡൈസേഷൻ രീതിയിൽ മാർക്ക് നൽകാനാണ് പരീക്ഷാ ബോർഡ് നിർദേശം. പ്ലസ്ടു വിദ്യാർഥികൾക്ക് പ്ലസ് വൺ എഴുത്ത് പരീക്ഷയുടെ മാർക്കിന് തുല്യമായ മാർക്ക് തന്നെ പ്ലസ്ടു എഴുത്ത് പരീക്ഷകൾക്കും നൽകും. ഗൾഫിലും നടത്തിക്കഴിഞ്ഞ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയുടെയും തുടർ മൂല്യനിർണയത്തിന്റെയും മാർക്ക് കൂടി ചേർത്താവും പ്ലസ്ടുവിനുള്ള മാർക്ക് നൽകുക. പ്ലസ് വൺ പരീക്ഷയ്ക്ക് പരാജയപ്പെട്ടവർക്ക് സ്പെഷൽ മോഡറേഷൻ നൽകുന്നതും പരിഗണനയിലുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു ഫലപ്രഖ്യാപനത്തിനുശേഷം ഗൾഫിലെ കുട്ടികൾക്കും സേവ് എ ഇയർ (സേ) പരീക്ഷ എഴുതാൻ അവസരം നൽകും. ഈ സമയത്ത് സാഹചര്യം അനുകൂലമായാൽ ഗൾഫിൽ സേ പരീക്ഷ നടത്തും. ഇല്ലെങ്കിൽ സൗകര്യമുള്ളവർക്ക് സേ പരീക്ഷ നാട്ടിലെത്തി എഴുതാനാകും.
ഗൾഫിലെ പ്ലസ് വൺ പരീക്ഷയും പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയും സേ പരീക്ഷയ്ക്കൊപ്പം നടത്താനാണ് ശ്രമം. എസ്എസ്എൽസിക്ക് ഓണം - ക്രിസ്മസ് -മോഡൽ പരീക്ഷകളുടെ മാർക്കുകൾ പരിഗണിച്ച് മാർക്ക് നൽകുന്നതിനുള്ള സ്റ്റാന്റഡൈസേഷൻ രീതിക്ക് പരീക്ഷാ ബോർഡ് രൂപം നൽകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷമാകും തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഗൾഫിലെ 7 കേന്ദ്രങ്ങളിലായി എസ്എസ്എൽസിക്ക് 633 കുട്ടികളും പ്ലസ്ടുവിന് 592 പേരും പ്ലസ് വണിന് 636 പേരും ആണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മലയാളികൾക്ക് ഒപ്പം പാക്കിസ്ഥാൻകാരായ കുട്ടികൾ ഉൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. യുദ്ധ സാഹചര്യത്തിൽ ഗൾഫിലെ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളും റദ്ദാക്കിയിരുന്നു.
Post a Comment