മെയ് നാലിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങള്‍. ജില്ലയിലെ 13 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
വടകര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മടപ്പള്ളി ഗവ. കോളേജിലും കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂര്‍ മണ്ഡലങ്ങളിലേത് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം എന്നിവിടങ്ങളിലുമായി നടക്കും.
രാവിലെ ആറ് മണിയോടെ സ്ട്രോങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമാണ് ആദ്യം തുറക്കുക. എട്ടു മണിയോടെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ എണ്ണല്‍ 8.30നാണ് ആരംഭിക്കുക.
വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കുക. ഏജന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവേശിക്കാനായി പ്രത്യേക കവാടങ്ങള്‍ സജ്ജീകരിക്കും. മൊബൈല്‍ ഫോണുകള്‍ കൗണ്ടിങ് ഹാളില്‍ അനുവദിക്കില്ല. ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രവേശന കവാടത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ ടേബിളുകളും കാണുന്ന തരത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ഏജന്റുമാര്‍ക്കുള്ള പാസ് റിട്ടേണിങ് ഓഫീസര്‍മാര്‍ മുഖേന കൈമാറും.
വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന ആദ്യഘട്ട റാന്‍ഡമൈസേഷന്‍ 27ന് നടക്കും. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മെയ് രണ്ടിനും മൂന്നാംഘട്ടം മെയ് നാലിന് പുലര്‍ച്ചെ അഞ്ചിനും നടക്കും. ഇവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 29, 30, മെയ് മൂന്ന് തീയതികളിലായി നടക്കും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment