അയൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും പാചകവാതക ക്ഷാമവും കാരണം അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ നിർമാണ–ഹോട്ടൽ മേഖലകളിൽ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായി. നിർമാണ മേഖലയിലും ഹോട്ടൽ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ജോലി ചെയ്തു വരുന്നത്. എസ്ഐആർ അടക്കമുള്ള ആശങ്കകൾ നില നിൽക്കുന്നതിനാൽ വോട്ടു ചെയ്യാനായി ഭൂരിപക്ഷം തൊഴിലാളികളും കൂട്ടത്തോടെ നാട്ടിലേക്കു തിരിച്ചതാണ് പ്രതിസന്ധിക്കു കാരണമായത്.
അതിഥിത്തൊഴിലാളികളിൽ പലരും കുടുംബമായാണ് ഇവിടെ താമസിച്ചു വരുന്നത്. പാചക വാതക ക്ഷാമം കൂടിയായതോടെ ഭക്ഷണം പാകം ചെയ്യാനും മറ്റുമുള്ള ബുദ്ധിമുട്ട് മുൻകൂട്ടിക്കണ്ട് തൊഴിലാളികൾ കുടുംബത്തോടൊപ്പം യാത്ര തിരിക്കുകയായിരുന്നു. നിർമാണ മേഖലയിലെ കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ളവ ഇവരാണ് ചെയ്തു വരുന്നത്. മലയാളികളായ തൊഴിലാളികളെക്കാൾ കുറവ് കൂലി നൽകി കൂടുതൽ സമയം ജോലി ചെയ്യിക്കാം എന്നതിനാൽ കോൺട്രാക്‌ടർമാർക്കും ഇവരോടാണ് കൂടുതൽ താൽപര്യം. കൂട്ടമായി താമസിക്കുന്ന ഇവർ ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണു പതിവ്. എന്നാൽ പാചക വാതകം ലഭിക്കാത്തതിനാൽ 3 നേരവും പുറമേ നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഇവരുടെ ബജറ്റ് താളം തെറ്റിക്കുന്നുണ്ട്.
ഇതിനാൽ കോൺട്രാക്ടർമാരോട് പറയുക പോലും ചെയ്യാതെയാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്കു പോയത്. അസമിൽ കേരളത്തോടൊപ്പം കഴിഞ്ഞ 9ന് ആയിരുന്നു തിരഞ്ഞെടുപ്പ്. ഇതിനു പോയവർ തിരിച്ചെത്തിയിട്ടില്ല. ബംഗാളിലും തമിഴ്നാട്ടിലും ഇന്നാണ് ആണ് തിരഞ്ഞെടുപ്പ്. ഇതര സംസ്ഥാനക്കാർ മടങ്ങിയത് ഹോട്ടൽ മേഖലയിൽ വൻ തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് മുതൽ ശുചീകരണ ജോലികൾ വരെ ചെയ്യുന്നത് ഭൂരി ഭാഗവും ഇതര സംസ്ഥാനക്കാരാണ്. ഇവർ കൂട്ടത്തോടെ മടങ്ങിയതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ പറയുന്നു. ഇതിനു പുറമേ പാചകവാതക ലഭ്യത കുറഞ്ഞതും ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇരട്ടി വിലനൽകി കരിഞ്ചന്തയിൽ സിലിണ്ടറുകൾ വാങ്ങിയാണ് പലരും കടകൾ നടത്തി ക്കൊണ്ടു പോകുന്നത്.
Post a Comment