കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, എണ്ണക്കമ്പനികൾ മണ്ണെണ്ണ വില ഉയർത്തുന്നു. മണ്ണെണ്ണ വില 53 രൂപ വരെ വർധിക്കുമെന്നാണ് സൂചന. വില ഉയരുന്നതോടെ മത്സ്യമേഖലയിലെ തൊഴിലാളികൾ വലിയ പ്രതിസന്ധിയാകും നേരിടുക.
കഴിഞ്ഞ മാസം വള്ളങ്ങൾക്കുള്ള മണ്ണെണ്ണ സബ്സിഡി, സംസ്ഥാന സർക്കാർ 25 രൂപയിൽനിന്ന് 50 രൂപയാക്കി വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എണ്ണക്കമ്പനികൾ വില പുതുക്കി നിശ്ചയിച്ചതു പ്രകാരം മത്സ്യഫെഡ് ഏപ്രിൽ ഒന്നുമുതൽ ലിറ്ററിന് 51.59 രൂപ വർധിപ്പിക്കുകയും ചെയ്തു. ലിറ്ററിന് 102 രൂപയായിരുന്നു മുമ്പത്തെ വില. ഇപ്പോഴത് 153.59 ആയിട്ടുണ്ട്. 10 എച്ച്.പി. എൻജിനുള്ള വള്ളങ്ങൾ പ്രതിദിനം 140 ലിറ്റർ മണ്ണെണ്ണ വരെ ഉപയോഗിക്കുന്നുണ്ട്. ശരാശരി ഏഴായിരം രൂപ വരെ ഒരു ദിവസം തൊഴിലാളികൾക്ക് ചെലവാകുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് മണ്ണെണ്ണയുപയോഗിക്കുന്ന ഇൻബോർഡ് വള്ളങ്ങളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ മണ്ണെണ്ണ ഉപഭോഗത്തിലും സംസ്ഥാനം മുന്നിലാണ്. യുദ്ധം തുടരുന്നതിനാൽ വല നിർമാണത്തിനുള്ള നൂലും കിട്ടാതായിട്ടുണ്ട്. ലഭ്യമായ നൂലിന് ഒരു കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വില വർധിക്കുകയും ചെയ്തെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Post a Comment