പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു.
സർവീസ് നടത്തുന്ന വിമാനങ്ങളിൽ തന്നെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാൻ കമ്പനികൾ തയ്യാറാകുന്നില്ല. അടിയന്തര സാഹചര്യമുണ്ടായാൽ എയർ റൂട്ടുകൾ മാറ്റേണ്ടി വരുന്നതും വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വരുന്നതും മുൻകൂട്ടി കണ്ടാണ് ഇന്ധനം പരമാവധി നിറച്ച് യാത്രക്കാരുടെ എണ്ണം കുറച്ച് സർവീസുകൾ നടത്തുന്നത്.
ഇത് വിമാനത്തിന്റെ ഭാരം ക്രമീകരിക്കുന്നതിനും കൂടുതൽ ദൂരം പറക്കുന്നതിനും വേണ്ടിയുള്ള സാങ്കേതികമായ മുൻകരുതലായാണ് കമ്പനികൾ വിശദീകരിക്കുന്നത്. മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഈ സാഹചര്യം വലിയ തിരിച്ചടിയാകുന്നത്.
യാത്രാ ദിവസം മാറ്റുന്നതും അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കുന്നതും മൂലം ജോലിക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകേണ്ടവർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഉംറ തീർത്ഥാടകർ അടക്കമുള്ളവർക്ക് കൃത്യസമയത്ത് യാത്ര തിരിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മാറുന്നത് വരെ ഈ അനിശ്ചിതത്വം തുടരാനാണ് സാദ്ധ്യതയെന്ന് വ്യോമയാന മേഖലയിലുള്ളവർ സൂചിപ്പിക്കുന്നു.
Post a Comment