കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾക്കുള്ള നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി



ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന് ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് 'നോ-ഫോൾട്ട്' നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവിൽ വാക്‌സിനേഷന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരീക്ഷിക്കുന്ന സംവിധാനം തുടരുമെന്നും കോടതി വ്യക്തമാക്കി.


ഒരു വ്യക്തിക്ക് വാക്സിനേഷൻ കാരണം എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണമോ സംഭവിക്കുകയാണെങ്കിൽ, ആ സംഭവത്തിന് സർക്കാരിന്റെയോ വാക്സിൻ നിർമിച്ച കമ്പനിയുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് തെളിയിക്കേണ്ട ആവശ്യമില്ലാതെ നഷ്ടപരിഹാരം നൽകുന്ന സംവിധാനമാണ് 'നോ-ഫോൾട്ട്' നഷ്ടപരിഹാര നയം.സാധാരണ കോടതി വ്യവഹാരങ്ങളിൽ നഷ്ടപരിഹാരം ലഭിക്കാൻ എതിർഭാഗത്തിന് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ, വാക്സിൻ മൂലമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചാൽ മതി, നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും.

നിലവിലുള്ള ശാസ്ത്രീയ നിരീക്ഷണ സംവിധാനം തുടരുന്നതിനാൽ, പ്രത്യേകമായി കോടതി നിയമിക്കുന്ന വിദഗ്ദ്ധ സമിതിയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. ഈ വിധി നിലനിൽക്കെ തന്നെ, നിയമപരമായി ലഭ്യമായ മറ്റ് വഴികൾ തേടുന്നതിൽ നിന്ന് ആരെയും തടയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.നഷ്ടപരിഹാര നയം രൂപീകരിക്കുന്നത് കേന്ദ്ര സർക്കാരിന്റെയോ മറ്റ് അധികാരികളുടെയോ കുറ്റസമ്മതമായി കണക്കാക്കില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. 2021ൽ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. വാക്‌സിനേഷന് ശേഷം ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ഹരജിയിൽ ആരോപിച്ചിരുന്നു

Post a Comment

Previous Post Next Post
Paris
Paris