വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ



ദുബൈ :പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചില്ലെങ്കിൽ ഗൾഫിൽ നിന്ന് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറയും. ഇതൊഴിവാക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങൾ ഉൾപ്പെടെ ഒരുക്കുകയാണ് പ്രവാസി സംഘടനകൾ. ഏത് തിരക്കുകൾക്കിടയിലും വോട്ടിന് നാട്ടിലെത്തുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ഇത്തവണയും വോട്ട് മുടക്കില്ലെന്ന നിലപാടിലാണ്.


വോട്ട് ചെയ്യണമെന്ന് വിചാരിച്ചാലും സംഘർഷം തീർന്നില്ലെങ്കിൽ യാത്ര എളുപ്പമല്ല എന്നതാണ് പ്രവാസികളുടെ പ്രശ്നം. എന്നാലും ചാർട്ടേഡ് വിമാനങ്ങൾ സജ്ജീകരിക്കാൻ കെഎംസിസിയും ഇൻകാസും തീരുമാനിച്ചിട്ടുണ്ട്. "ഹലോ കേരളം " എന്ന പേരിൽ കുടുംബാംഗങ്ങളുടെ വോട്ടുറപ്പാക്കാൻ കെഎംസിസിയുടെ ഫോൺ വിളി കാമ്പയിനുമുണ്ട്. കോഴിക്കോട് ജില്ലാ കെഎംസിസി ദുബൈ കമ്മിറ്റി ഇതിനായി യോഗം ചേർന്നു. കുറഞ്ഞ നിരക്കിൽ ഇൻകാസും വോട്ടർമാർക്കായി വിമാന യാത്ര ഏർപ്പാടാക്കിയിട്ടുണ്ട്. 'വോട്ട് ഫോർ കേരള' എന്ന പേരിലാണ് ഇൻകാസ് യുഎഇ നാഷണൽ കമ്മിറ്റിയുടെ ക്യാംപയിൻ. സീസൺ നിരക്കുകളേക്കാൾ ഗണ്യമായ കുറവിൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനായി സീറ്റുകൾ രജിസ്റ്റർ ചെയ്യണം.

ഏത് തിരക്കുകളിലും വോട്ട് മുടക്കാത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇത്തവണ ഗൾഫിലെ ഭക്ഷ്യ വിതരണം ഉറപ്പാക്കുന്ന തിരക്കുകളിലാണ്. താൻ പഠിച്ച നാട്ടിക സ്കൂളിൽ വോട്ട് ചെയ്യാൻ എത്തണമെന്നാണ് യൂസഫലിയുടെ ആഗ്രഹം. നിലവിലെ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞാൽ എന്തായാലും വോട്ട് ചെയ്യാൻ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം തുടർന്നു പോയാൽ ഗൾഫിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം ഇത്തവണ കുത്തനെ കുറഞ്ഞേക്കും. അതുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് സംഘടനകൾ.



Post a Comment

Previous Post Next Post
Paris
Paris