അപകടത്തിൽപ്പെട്ടവരെ സഹായിക്കാനല്ല, വീഡിയോ എടുക്കാനാണ് ആളുകൾക്ക് തിരക്ക്: വിമർശിച്ച് സുപ്രീംകോടതി



ന്യൂഡൽഹി:റോഡപകടങ്ങളിൽപ്പെട്ട് പിടയുന്നവരെ സഹായിക്കുന്നതിന് പകരം മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ മത്സരിക്കുന്ന ജനങ്ങളുടെ മനോഭാവത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ആധുനിക സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഈ മനോഭാവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.


സംശയിക്കപ്പെടുന്ന വ്യക്തികളുടെ പേരും വിവരങ്ങളും പൊലീസ് സോഷ്യൽ മീഡിയ വഴി പുറത്തുവിടുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഏറ്റവും തിരക്കുള്ളവർ പോലും റോഡരികിൽ ഒരു അപകടം കണ്ടാൽ വണ്ടി നിർത്തി ഓടിവരും.

പക്ഷേ അത് മരിക്കുന്ന വ്യക്തിയെ സഹായിക്കാനല്ല, മറിച്ച് സോഷ്യൽ മീഡിയയിൽ ഇടാൻ വീഡിയോ റെക്കോർഡ് ചെയ്യാനാണെന്ന് കോടതി പറഞ്ഞു. മൊബൈൽ ഫോൺ കൈവശമുള്ള എല്ലാവരും ഇന്ന് മാധ്യമപ്രവർത്തകരെപ്പോലെയാണ് പെരുമാറുന്നത്. ഇത് നീതിനിർവ്വഹണത്തെയും കുറ്റാരോപിതരുടെ മൗലികാവകാശങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

പ്രതികളെ വിലങ്ങുവെച്ച് നടത്തിക്കുന്നതും ഫോട്ടോ എടുക്കാൻ മാധ്യമങ്ങളെ അനുവദിക്കുന്നതും ശരിയല്ല. അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്താനാണ് ശ്രമിക്കേണ്ടത് അല്ലാതെ പക്ഷപാതപരമായി പെരുമാറരുത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകളുടെയും വ്യാജ വാർത്തകളുടെയും കേന്ദ്രമായി മാറുന്നു.

സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പൊലീസ് മാനുവലിൽ, ജനങ്ങളുമായി വിവരങ്ങൾ പങ്കുവെക്കുമ്പോൾ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ മനോജ് മിശ്ര, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

Post a Comment

Previous Post Next Post
Paris
Paris