ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കാർക്ക്, പ്രത്യേകിച്ച് ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രാലയം.
ജനറല്‍ കോച്ചുകളിലുള്‍പ്പെടെ ഇനി മുതല്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു...
നിലവില്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ മാത്രം ലഭ്യമായിരുന്ന നിരന്തര ശുചീകരണ സംവിധാനം ഇനി റിസർവേഷനില്ലാത്ത ജനറല്‍ കോച്ചുകളിലേക്കും വ്യാപിപ്പിക്കും. ഓരോ ഒന്നര മണിക്കൂർ കൂടുമ്പോഴും ജീവനക്കാരെത്തി കോച്ചുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കും. ശുചീകരണ പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
വിവിധ സോണുകളിലായി തിരഞ്ഞെടുത്ത 80 ദീർഘദൂര തീവണ്ടികളിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവൻ തീവണ്ടികളിലും ഈ സംവിധാനം നിലവില്‍ വരും. ട്രെയിനുകളിലെ ബെഡ്ഷീറ്റ് (ലിനൻ) വിതരണം, അലക്ക്, പാക്കിങ് തുടങ്ങിയ ജോലികള്‍ ഇനി മുതല്‍ ഒരൊറ്റ ഏജൻസിയെ ഏല്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് സേവനത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ചരക്കുനീക്കം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി മൂന്ന് വർഷത്തിനുള്ളില്‍ 124 ഗതിശക്തി കാർഗോ ടെർമിനലുകള്‍ സ്ഥാപിക്കും. ഇവയെ മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി ഹബ്ബുകളായി വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment